തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ദുര്‍ബലമായതിനു പിന്നാലെ പകല്‍ച്ചൂട് കുതിക്കുന്നു. ദിവസങ്ങളായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഉച്ചസമയങ്ങളില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
ഇന്നലെ സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ പകല്‍ താപനില 40 ഡിഗ്രി സെല്ഷസിനു മുകളിലെത്തി. കണ്ണൂര്‍ ജില്ലയിലെ ചെമ്പേരിയില്‍ 41 ഡിഗ്രി സെല്‍ഷസ് ചൂടാണ് ഇന്നലെ അനുഭവപ്പെട്ടത്.കാസര്‍ഗോഡ് പില്ക്കോട് 40.7 ഡിഗ്രിയും പത്തനംതിട്ട ഏനാദിമംഗലത്ത് 40.9 ഡിഗ്രിയും ചൂട് അനുഭവപ്പെട്ടു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളില്‍നിന്നുള്ള കണക്കുകള്‍ പ്രകാരമാണിത്.നിരവധി പ്രദേശങ്ങളില്‍ പകല്‍ച്ചൂട് 35 ഡിഗ്രി സെല്ഷസിനും മുകളിലെത്തിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. എറണാകുളം ജില്ലയിലെ ചൂണ്ടിയില്‍ ഇന്നലെ ഏറ്റവും കൂടിയ പകല്‍ താപനില 39.2 ഡിഗ്രി സെല്‍ഷസ് രേഖപ്പെടുത്തി.
ജില്ലയിലെ ഇടമലയാര്‍, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍ 36. ഡിഗ്രി ചൂട് അനുഭവപ്പെട്ടു. ആലപ്പുഴ തൈക്കാട്ട്ശേരിയില് ചൂട് 35 ഡിഗ്രി കടന്നു. കണ്ണൂര്‍ ജില്ലയിലാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ ഏറ്റവും കടുത്ത ചൂട് പകല്‍സമയങ്ങളില്‍ അനുഭവപ്പെട്ടത്. ആറളം, പെരിങ്ങോം, പിണറായി എന്നിവിടങ്ങളില്‍ ഇന്നലെ പകല്‍ച്ചൂട് 39 ഡിഗ്രി സെല്ഷസിനടുത്തെത്തി.
കൊല്ലത്ത് ഒരിടത്തും കോട്ടയത്ത് രണ്ടിടങ്ങളിലും കോഴിക്കോട് നാലിടത്തും മലപ്പുറത്ത് നാലിടത്തും പത്തനംതിട്ടയില്‍ മൂന്നിടത്തും തിരുവനന്തപുരത്ത് രണ്ടിടത്തും തൃശൂരില്‍ ഒരിടത്തും ഇന്നലെ ഏറ്റവും കൂടിയ പകല്‍ താപനില 35 ഡിഗ്രി സെല്ഷസിനും മുകളിലെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, തുലാവര്‍ഷം ഈയാഴ്ച അവസാനത്തോടെ വീണ്ടും സജീവമാകുമെന്നാണ് നിഗമനം. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.