തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽനിന്നു പിൻവാങ്ങിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇക്കുറി നേരത്തേ എത്തിയ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ റിക്കാർഡ് മഴയാണ് കേരളത്തിനു ലഭിച്ചത്.
ശരാശരി 203 സെന്റിമീറ്റർ മഴ ലഭിക്കേണ്ടിയിടത്ത് 251 സെന്റിമീറ്റർ മഴയാണ് ജൂണ്‍ മുതൽ സെപ്റ്റംബർ വരെ നീളുന്ന കാലവർഷക്കാലത്ത് കേരളത്തിൽ പെയ്തിറങ്ങിയത്. കാലവർഷത്തിന്റെ പിൻവാങ്ങലിനൊപ്പം സംസ്ഥാനത്ത് തുലാവർഷം സജീവമാകാനുള്ള സാഹചര്യങ്ങളെല്ലാം അനുകൂലമാണെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
വടക്കുകിഴക്കൻ ദിശയിൽ നിന്നുള്ള കാറ്റ് ശക്തി പ്രാപിച്ചു. ഇതിനൊപ്പം ആൻഡമാൻ തീരത്ത് രൂപം കൊണ്ട ന്യൂനമർദമേഖല അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമാകുമെന്നും ഇതും തുലാവർഷത്തിന്റെ വരവിന് ആക്കം കൂട്ടുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. അതേസമയം തുലാവർഷം ബുധനാഴ്ചയോടെതന്നെ സംസ്ഥാനത്തു പെയ്തു തുടങ്ങുമെന്നാണ് ചില സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ പറയുന്നത്.
തുലാവർഷത്തിൽനിന്ന് ഒരു വർഷം ശരാശരി 48 സെന്റിമീറ്റർ മഴയാണു കേരളത്തിനു കിട്ടേണ്ടത്. കഴിഞ്ഞ വർഷം 44 സെന്റിമീറ്റർ മാത്രം പെയ്ത് എട്ടു ശതമാനം മഴക്കുറവോടെയാണ് തുലാവർഷം അവസാനിച്ചത്. എന്നാൽ, ഇക്കുറി തുലാവർഷത്തിൽനിന്നു മികച്ച മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.
തുലാവർഷം ആരംഭിക്കുന്നതിനു മുൻപുതന്നെ, ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപം കൊണ്ട ചുഴലിക്കാറ്റുകളുടെ പ്രഭാവത്താൽ ഈ മാസം കേരളത്തിൽ 23.6 സെന്റിമീറ്റർ മഴ പെയ്തു. ഇക്കാലയളവിൽ പെയ്യേണ്ട മഴയുടെ 41 ശതമാനം അധികമഴയാണിത്. തുലാവർഷം കൂടി എത്തുന്നതോടെ ഈ വർഷം മഴ ലഭ്യതയിൽ സംസ്ഥാനം വാർഷിക ശരാശരി റിക്കാർഡിലെത്തും.