ന്യൂഡൽഹി: മധുരിക്കുക മാത്രമല്ല, മാന്പഴം പണവും പഠനമാർഗവും നൽകുമെന്നു ജാർഖണ്ഡിലെ 11 വയസുള്ള അഞ്ചാം ക്ലാസുകാരിയായ തുൾസി കുമാരിക്കു മനസിലായി.
12 മാന്പഴങ്ങൾ 1,20,000 രൂപയ്ക്ക് വിൽക്കാനായതോടെയാണ് അക്കാര്യം അവൾക്കു ബോധ്യപ്പെട്ടത്.
ലോക്ഡൗണിനെ തുടർന്നു പട്ടിണിയിലായ ദരിദ്ര കുടുംബത്തിലെ അംഗമായ തുൾസി പഠനാവശ്യത്തിന് മൊബൈൽ ഫോൺ വാങ്ങാനാണ് ജംഷഡ്പൂരിലെ റോഡരികിൽ മാന്പഴ കച്ചവടം തുടങ്ങിയത്.
ഇതുകണ്ട ഒരു പത്രപ്രവർത്തകൻ സാമൂഹ്യമാധ്യമത്തിൽ തുൾസിയെക്കുറിച്ചൊരു വീഡിയോ പോസ്റ്റ് ചെയ്തു.
മുംബൈയിലെ വാല്യുബിൾ എഡ്യൂടെയ്മെന്റ് എന്ന സ്വകാര്യ കന്പനിയുടെ എംഡി അമേയ ഹെതെയും ഈ വീഡിയോ കണ്ടു. ഒട്ടും വൈകിയില്ല, ഓരോ മാന്പഴത്തിനും 10,000 രൂപ വീതം നൽകി 12 മാന്പഴം അദ്ദേഹം വാങ്ങി.
തുൾസിയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറുകയും ചെയ്തു. പഠനത്തിനായുള്ള തുൾസിയുടെ പോരാട്ടവും നിശ്ചയദാർഢ്യവും മറ്റു വിദ്യാർഥികൾക്കു മാതൃകയും പ്രോൽസാഹനവും ആകട്ടെയെന്നു കരുതിയാണ് താൻ ഇക്കാര്യം ചെയ്തതെന്നു അമേയ വിശദീകരിച്ചു.
ബാങ്കിലെത്തിയ പണം കൊണ്ട് പുതിയ സ്മാർട് ഫോണിനു പുറമെ പ്രത്യേക ട്യൂഷൻ ടീച്ചറെയും വിനിയോഗിച്ചുകഴിഞ്ഞു. നല്ല പോലെ പഠിച്ചു ജോലി നേടിയ ശേഷം മാതാപിതാക്കളെയും സമൂഹത്തെയും സഹായിക്കുകയാണു ലക്ഷ്യമെന്നു തുൾസി പറഞ്ഞു.