ഇളയ ദളപതി വിജയ് യുടെ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ചിത്രമാണ് എസ്. ഏഴില്‍ സംവിധാനം ചെയ്ത് 1999-ല്‍ പുറത്തിറങ്ങിയ തുള്ളാത മനവും തുള്ളം.
ചിത്രത്തില്‍ വിജയ്, സിമ്രാന്‍ എന്നിവരോടൊപ്പം മണിവര്‍ണ്ണന്‍, ധാമു, വയപുരി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ആര്‍.ബി.ചൗധരി നിര്‍മ്മിച്ച ചിത്രത്തിന് എസ്.എ. രാജ്കുമാര്‍ സംഗീതം നല്‍കി. ആര്‍.സെല്‍വ ഛായാഗ്രഹണം നിര്‍വഹിച്ചു. വന്‍വിജയമായി മാറിയ ഈ ചിത്രം 200 ദിവസത്തിലധികം തമിഴ്നാട്ടിലെ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തു.
തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ രണ്ട് അവാര്‍ഡുകളും ഈ ചിത്രം നേടിയിരുന്നു.
തുള്ളാതെ മനവും തുള്ളും കൂടാതെ ഏഴില്‍ പൂവെല്ലാം ഉന്‍ വാസം, ദീപാവലി തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ചിത്രത്തെ കുറിച്ച് അധികം ആര്‍ക്കുമറിയാത്ത ഒരു സംഭവം കൂടി നടന്നിട്ടുണ്ട്.
തുള്ളാതെ മനവും തുള്ളും തിരക്കഥ പൂര്‍ത്തിയാക്കിയ ഏഴില്‍ അതുമായി നിരവധി നായകന്മാരെ തേടി. അവസാനം കൊമേഡിയന്‍ വടിവേലുവിന്റെ അടുത്തും സംവിധായകന്‍ എത്തി.
കഥ ഏറെ ഇഷ്ടപ്പെട്ട വടിവേലു താന്‍ ആ നായകവേഷം ചെയ്താല്‍ നന്നാകുമോയെന്ന സംശയം പ്രകടിപ്പിച്ചു. ആറു മാസം കാത്തിരുന്നതിന് ശേഷം നായകന്മാരെ ആരെയും കിട്ടിയില്ലെങ്കില്‍ താന്‍ നായകനാകാം എന്ന ഒരു ഉറപ്പും നല്‍കി സംവിധായകനെ മടക്കിയയക്കുകയാണ് ചെയ്തത്.
പിന്നീടാണ് സൂപ്പര്‍ ഗുഡ് ഫിലിംസ് ചിത്രം ഏറ്റെടുക്കുകയും വിജയ് നായകനാവുകയും ചെയ്തത്. വിജയ്-സിമ്രാന്‍ ജോഡികള്‍ പ്രേക്ഷകരുടെ ഇഷ്ട ജോഡിയാകുന്നതും ഈ ചിത്രത്തിലൂടെയാണ്.