കൂത്തുപറമ്പ്: ഉറങ്ങിക്കിടക്കുകയായിരുന്ന സഹപ്രവർത്തകനെ അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെതിരെയുള്ള കുറ്റപത്രം പോലീസ് കോടതിയിൽ സമർപ്പിച്ചു. നിർമലഗിരി നീറോളിച്ചാലിലെ വാടക ക്വട്ടേഴ്സിൽ വെച്ച് പശ്ചിമ ബംഗാൾ സ്വദേശി തുൾസി പരേഖ് (28)നെ പലക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിലാണ് പശ്ചിമ ബംഗാൾ ദർപാറയിലെ ദാറു ഓറോ (43) വിനെതിരെ പോലീസ് കൂത്തുപറമ്പ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നല്കിയത്.
2017 ഓഗസ്റ്റ് 27നായിരുന്നു കേസിനാസ്പദമായ സംഭവം.നീറോളിച്ചാലിലെ സിമന്റ് ഗോഡൗണിലെ തൊഴിലാളികളായിരുന്നു ഇരുവരും. പണമിടപാട് സംബന്ധിച്ച് ഉണ്ടായ വൈരാഗ്യം കാരണം ദാറു ഓറോ തുൾസി പരേഖിനെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
കൂത്തുപറമ്പ് സിഐ.മാരായ പ്രദീപ്, ജോഷി ജോസ് എന്നിവരായിരുന്നു വിവിധ കാലയളവിൽ കേസിന്റെ അന്വേഷണം നടത്തിയത്. ഇപ്പോഴത്തെ സിഐ ബി.രാജേന്ദ്രനാണ് കോടതിയിൽ കുറ്റപത്രം നല്കിയത്. കേസിൽ പ്രതിയായ ദാറു ഓറോ ഇപ്പോഴും റിമാൻഡിലാണുള്ളത്.