എരുമേലി: വന്യജീവി വിളയാട്ടം പതിവായതോടെ എരുമേലിയിലെ വനാതിർത്തി മേഖലയിൽ ഭീതി വർധിക്കുന്നു. തുമരംപാറ ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയിൽ നാട്ടുകാരിൽ ചിലർ പുലിയെ കണ്ടെന്ന് അറിയിച്ചതിനെത്തുടർന്ന് പ്രദേശമാകെ പരിഭ്രാന്തിയിലായി.
വിവിധ സംഘങ്ങളായി നാട്ടുകാർ തെരച്ചിൽ നടത്തിയതോടെ വന്യജീവിയുടെ കാൽപ്പാടുകൾ പതിഞ്ഞത് കണ്ടെത്തി. തുടർന്ന് വനപാലകസംഘം എത്തി പരിശോധിച്ച് പുലിയുടെ കാൽപ്പാടല്ലെന്ന് വ്യക്തമാക്കി. പാക്കാനോ വള്ളിപ്പുലിയോ ആയിരിക്കാമെന്ന് വനപാലക സംഘം അറിയിച്ചെങ്കിലും നാട്ടുകാർക്ക് ഉറക്കം നഷ്ടപ്പെട്ട രാത്രിയായിരുന്നു കഴിഞ്ഞ ദിവസം.
ഇതേ രാത്രിയിലാണ് ഏതാനും കിലോമീറ്റർ അകലെ മൂക്കൻപെട്ടിയിൽ വീടുകൾക്കു സമീപം കാട്ടുപോത്ത് എത്തി നാട്ടുകാർ ഭയചകിതരായത്. മൂക്കൻപെട്ടി, പത്തേക്കർ, അരുവിക്കൽ കോളനി ഭാഗങ്ങളിൽ ആണ് കാട്ടുപോത്ത് രാത്രിയിൽ എത്തിയത്.
കഴിഞ്ഞയിടെ രണ്ട് കർഷകരാണ് കണമലയിൽ വീട്ടുമുറ്റത്തും പറമ്പിലും കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൃഗസ്നേഹം പറയുന്ന വനംവകുപ്പ് കാട്ടിൽ മൃഗങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കാനാണ് ആദ്യം നടപടി സ്വീകരിക്കേണ്ടതെന്ന് ജനപ്രതിനിധികൾ അടക്കം ആരോപിക്കുന്നു.