സ്വന്തം ലേഖിക
കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം പരിസരത്തുനിന്ന് അരക്കോടി രൂപയുടെ എംഎഡിഎംഎയുമായി യുവതി ഉള്‍പ്പെടെ നാലു പേര് പിടിയിലായ സംഭവത്തില്‍ സംഘാംഗം കോട്ടയം ചിങ്ങവനം മുട്ടത്താട്ടുചിറയില്‍ സൂസിമോള് എന്ന തുമ്പിപ്പെണ്ണ് (24) ലഹരി വിറ്റിരുന്നത് അനാശാസ്യത്തിന്റെ മറവില്‍.
സ്റ്റേഡിയം ഭാഗത്ത് ആഡംബര കാറുകളില്‍ പതിവായി പെണ്‍കുട്ടികളെ എത്തിച്ചു നല്കുന്ന ആളാണ് തുമ്പിപ്പെണ്ണെന്നാണ് വിവരം. 19-29 വയസുള്ള പ്രായപരിധിയുള്ള യുവതികളെയാണ് തുമ്പിപ്പെണ്ണ് ആവശ്യക്കാര്‍ക്കായി എത്തിച്ചു നല്കുന്നതെന്നുമാണ് അറിയുന്നത്.
കസ്റ്റമറിനൊപ്പം യുവതികളെ അയച്ച ശേഷം കാറില്‍ അവര്‍ വരുന്നതുവരെ തുമ്പിപ്പെണ്ണ് കാത്തുകിടക്കും. ഈ അനാശാസ്യത്തിന്റെ മറ പിടിച്ചായിരുന്നു പലപ്പോഴും ലഹരി വില്പന നടത്തിയിരുന്നതെന്നാണ് എക്സൈസ് സംഘം നല്കുന്ന വിവരം.
കോട്ടയം സ്വദേശിനിയായ ഇവര്‍ മറ്റൊരു പ്രതിയായ അമീറിനൊപ്പമാണ് ഇപ്പോള്‍ കഴിയുന്നത്. സംഘത്തിലെ നേതാവ് തുമ്പിപ്പെണ്ണ് തന്നെയായിരുന്നു. എടുപ്പിലും നടപ്പിലുമൊക്കെ അല്പം ഗുണ്ടാ പശ്ചാത്തലം സൂചിപ്പിക്കുന്ന പെരുമാറ്റമാണ് തുമ്പിപ്പെണ്ണിന്റേത്.
കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം പരിസരത്ത് വില്പനയ്ക്കായി എത്തിച്ച 350 ഗ്രാം എംഡിഎംഎയാണ് എക്സൈസ് സംഘം പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് കോട്ടയം ചിങ്ങവനം മുട്ടത്താട്ടുചിറയില്‍ സൂസിമോള് (24), അങ്കമാലി മങ്ങാട്ടുകര മാളിയേക്കല്‍ എല്‍റോയ് (21), കാക്കനാട് അത്താണി കുറുമ്പനാട്ടുപറമ്പില് അജ്മല്‍ (22), ആലുവ ചെങ്ങമനാട് കല്ലൂക്കാടന്പറമ്പില് അമീര്‍ (25) എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
എംഡിഎംഎ കൊല്ലംസ്വദേശിക്കുവേണ്ടിയെന്ന്
വെള്ളിയാഴ്ച രാത്രി എട്ടിന് കലൂര്‍ ജെഎല്‍എന്‍ സ്റ്റേഡിയം പരിസരത്ത് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. സ്റ്റേഡിയം പരിസരത്ത് കാറില്‍ ഏജന്റുമാരെ കാത്തിരിക്കുമ്പോഴാണ് സംഘം പിടിയിലാകുന്നത്.
എന്നാല്‍ എംഡിഎംഎ കൊണ്ടുവന്ന രീതിയെക്കുറിച്ച് ഇവര്‍ പറഞ്ഞത് എക്സൈസ് സംഘം മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഹിമാചല്‍പ്രദേശില്‍നിന്ന് കൊണ്ടുവരുന്ന എംഡിഎംഎ നെടുമ്പാശേരി വിമാനത്താവള പരിസരത്ത് അജ്ഞാത സംഘം ഉപേക്ഷിച്ചു മടങ്ങും.
ടര്‍ന്ന് സാധനത്തിന്റെ കളര്‍ കോഡും ജിപിഎസ് ലൊക്കേഷനും ഇവര്‍ക്ക് അയച്ചുകൊടുക്കും. അതനുസരിച്ച് സ്ഥലത്തു എത്തുന്ന നാലംഗ സംഘം അതു ശേഖരിച്ച് കൊച്ചിയിലുള്ള പ്രധാന ഏജന്റിന് സാധനം കിട്ടിയെന്ന വാട്സ്ആപ്പ് സന്ദേശം അയയ്ക്കും.
തുടര്‍ന്ന് എംഡിഎംഎ വിറ്റു കിട്ടുന്ന തുകയില്‍ നിന്ന് ഇവര്‍ക്കുള്ള കമ്മീഷന് കൊച്ചിയിലെ ഏജന്റ് നല്‍കുമെന്നാണ് തുമ്പിപ്പെണ്ണ് എക്സൈസ് സംഘത്തെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്കു പിന്നില്‍ വന്‍ സംഘങ്ങളുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണോദ്യോഗസ്ഥര്‍.
അഞ്ച് ഗ്രാമിന് ഈടാക്കിയിരുന്നത് പതിനായിരം രൂപ വരെ
ചില്ലറ ഏജന്റുമാര്‍ക്ക് വിതരണം ചെയ്തിരുന്ന എംഡിഎംഎയ്ക്ക് അഞ്ചു ഗ്രാമിന് പതിനായിരം രൂപ വരെയാണ് സംഘം ഈടാക്കിയിരുന്നത്. ഒരു ഗ്രാം എംഡിഎംഎയ്ക്ക് മാര്‍ക്കറ്റ് വില 2,000 രൂപയാണ്.
ഇന്നലെ പ്രതികള്‍ അറസ്റ്റിലാകുമ്പോള്‍ കാറില്‍ പല ബാഗുകളിലായാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. അമീറിന്റെ പോക്കറ്റില്‍ നിന്നും എംഡിഎംഎ കണ്ടെത്തിയിരുന്നു. എംഡിഎംഎ വിതരണം ചെയ്യാനായി കരുതിയിരുന്ന ചെറിയ കവറുകളും കണ്ടെത്തിയിരുന്നു.
പ്രതികളുടെ കൈയില്‍ വിദേശ നിര്‍മിത കത്തികളും സ്പ്രിംഗ് ബാറ്റും
പ്രതികളുടെ കൈയില്‍നിന്ന് രണ്ട് വിദേശ നിര്‍മിത കത്തികളും സ്വിംഗ് ബാറ്റും എക്സൈസ് സംഘം കണ്ടെടുത്തു. വളരെ ദൂരെ നിന്നു വീശിയാല്‍ തന്നെ വൃത്താകൃതിയില്‍ ലക്ഷ്യത്താനെത്തു ചെന്ന് അപായപ്പെടുത്താന്‍ കഴിവുള്ള കത്തികളാണിത്.
ഒരു സ്പിംഗ് ബാറ്റും ഉണ്ടായിരുന്നു. എക്സൈസ് അസി. കമ്മീഷണര്‍ ടി.എന്‍. സുധീര്‍, എക്സൈസ് സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ കെ പി പ്രമോദ്, പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. അജിത്ത്കുമാര്‍, എം.ടി. ഹാരിസ്, സിറ്റി മെട്രോ ഷാഡോ എന്‍.ഡി. ടോമി, പി. പത്മഗിരീശന്‍, പി. അനിമോള്‍, പി.സി. പ്രവീണ്‍, ഡ്രൈവര്‍ ബദര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.്