കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം പരിസരത്തുനിന്ന് അരക്കോടി രൂപയുടെ എംഎഡിഎംഎയുമായി തുമ്പിപ്പെണ്ണിന്റെ സംഘം പിടിയിലായ കേസില്‍ പ്രതികള്‍ രാസലഹരി വിറ്റിരുന്നത് ടെലഗ്രാം വഴി.
ടെലഗ്രാമില്‍ ജോമോന് ഓണ്‍, ചാര്‍ളി ഓണ്‍ എന്നീ കോഡ് ഭാഷകളില്‍ ഇവര്‍ സന്ദേശം കൈമാറും. ഇതിനോട് പ്രതികരിക്കുന്ന ആവശ്യക്കാര്‍ക്ക് സ്ഥലം പറഞ്ഞ് വാട്സ്ആപ്പ് കോളിലൂടെ ബന്ധപ്പെടും. തുടര്‍ന്ന് സാധനം എത്തിച്ചു നല്കി പണം വാങ്ങുന്ന രീതിയായിരുന്നു ഇവരുടേത്.
ഹിമാലയന്‍ മെത്ത് എന്ന് വിളിപ്പേരുള്ള ഈ രാസ ലഹരിക്ക് ഡിമാന്റ് അനുസരിച്ച് ഗ്രാമിന് 4000 മുതല്‍ 7000 രൂപ വരെ ഈടാക്കിയിരുന്നു. ഒരു തവണ ഉപയോഗിച്ച സിം കാര്‍ഡുകള്‍ സംഘം പിന്നീട് ഉപയോഗിക്കാറില്ല
. അതുകൊണ്ടുതന്നെ എക്സൈസ് സംഘത്തിന് ഇവരിലേക്ക് എത്താന്‍ പലപ്പോഴും പ്രതിസന്ധി ഉണ്ടാകാറുമുണ്ട്. കേസുമായി ബന്ധപ്പെട്ട് കോട്ടയം നാട്ടകം ചിങ്ങവനം മുട്ടത്താട്ടുചിറ വീട്ടില്‍ സൂസിമോള് എം. സണ്ണി (തുമ്പിപ്പെണ്ണ്-24), ആലുവ ചെങ്ങമനാട് കല്ലൂക്കാടന്‍പ്പറമ്പില്‍ വീട്ടില്‍ അമീര്‍ സുഹൈല്‍ (23), കൊച്ചി മാലിപ്പുറം സൗത്ത് പുതുവൈപ്പ് സ്വദേശിയും ഇപ്പോള്‍ കാക്കനാട് അത്താണിയില്‍ താമസിക്കുന്നതുമായ കുറുമ്പനാട്ടുപറമ്പ് വീട്ടില്‍ കെ.എ. അജ്മല്‍ (അജിപ്പായി-24), അങ്കമാലി മങ്ങാട്ട് കര, പുളിയനം മാളിയേക്കല്‍ വീട്ടില്‍, എല്‍റോയ് വര്‍ഗീസ് (21) എന്നിവരെയാണ് എക്സൈസ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് അപേക്ഷ നല്‍കും.
കമാന്‍ഡര്‍ സച്ചിനായി തെരച്ചില്‍
രാസലഹരി കൊച്ചിയില്‍ എത്തിച്ചിരുന്നത് കൊല്ലം സ്വദേശി കമാന്‍ഡര്‍ സച്ചിന് എന്ന ആളെ കണ്ടെത്തുന്നതിനായി എക്സൈസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി.
ഹിമാചല്‍പ്രദേശില്‍ നിന്നായിരുന്നു സച്ചിന് നെടുമ്പാശേരി എയര്‍പോര്‍ട്ട് പരിസരത്ത് എംഡിഎംഎ എത്തിച്ചിരുന്നത്. സംഭവത്തില്‍ അന്താരാഷ്ട്ര ലഹരിമാഫിയയുടെ ബന്ധമുണ്ടെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം
പ്രതികളുടെ ഫോണ്‍കോളുകള്‍, ബാങ്ക് ഇടപാടുകള്‍, ലൊക്കേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളില്‍നിന്ന് രാസലഹരി വാങ്ങി ഓണ്‍ലൈന്‍ പണമിടപാട് നടത്തിയവരെ പിടികൂടുന്ന തരത്തിലേക്കാണ് അന്വേഷണം നീങ്ങുന്നത്.