ആലപ്പുഴ: തുന്പോളിയിൽ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലിൽ കൊലക്കേസ് പ്രതികളായ രണ്ടു യുവാക്കൾ കുത്തേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ കൂടി നോർത്ത് പോലീസിന്റെ പിടിയിലായി. കൊലയ്ക്കു ശേഷം ഒളിവിൽ പോയ തുന്പോളി സ്വദേശികളായ ചാൾസ്, ശരത്, ഉണ്ണി, ജോസ് എന്നിവരെയാണ് ഇന്നലെ ചേർത്തലയിൽ നിന്ന് നോർത്ത് എസ്.ഐ. അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തത്.
ചേർത്തലയിലെ സുഹൃത്തുക്കളുടെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ സംഘം പിടിയിലാകുമെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ജില്ല വിടാനുള്ള തയ്യാറെടുപ്പിനിടെയാണ് പിടിയിലായത്. അതേസമയം സംഭവത്തിൽ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത രണ്ടുപേരെ റിമാൻഡ് ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 13-ാം വാർഡ് പാതിരപ്പള്ളി വെളിയിൽ വീട്ടിൽ ഡെറിക്(25), ആലപ്പുഴ നഗരസഭ തുന്പോളി വാർഡിൽ തയ്യിൽ വീട്ടിൽ ആന്റണി(27) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.
രണ്ടുവർഷം മുന്പ് തുന്പോളി സ്വദേശി സാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആര്യാട് പഞ്ചായത്ത് 16-ാം വാർഡിൽ തുന്പോളി വെളിയിൽ വീട്ടിൽ വികാസ് (28), ആലപ്പുഴ നഗരസഭ തുന്പോളി വാർഡിൽ ജസ്റ്റിൻ സോനു (26) എന്നിവരെ ഞായറാഴ്ച രാത്രിയിലാണ് പ്രതികൾ കുത്തിക്കൊലപ്പെടുത്തിയത്. പള്ളി പ്പെരുന്നാളിനിടെയുണ്ടായ വാക്കു തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് തുന്പോളി ഭാഗത്തു വെച്ചാണ് ഡെറികും ആന്റണിയും പോലീസിന്റെ പിടിയിലായത്. ആറംഗ സംഘമാണ് കൊല നടത്തിയത്. പ്രാഥമിക അന്വഷേണത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു.