ആലപ്പുഴ: തുന്പോളി പള്ളിക്ക് സമീപം വൃദ്ധയെ വീടിനുമുന്നിൽ ചോരവാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയൊന്നുമില്ലെന്ന് പോലീസ്. രാത്രി ഗേറ്റ് അടയ്ക്കാനായി പുറത്തേക്കിറങ്ങവെ കാർ പോർച്ചിൽ തെന്നി തലയടിച്ചുവീണതിനെ തുടർന്ന് ഹൃദയാഘാതമുണ്ടായതാകാമെന്നാണ് പോലീസിന്റെ നിഗമനം.
മൃതദേഹത്തിനു സമീപം ഗേറ്റിന്റെ താഴും താക്കോലും കണ്ടെത്തിയിരുന്നു. ഫോറൻസിക് വിരലടയാള വിദഗ്ധർ സ്ഥലം പരിശോധിച്ചു. ശേഖരിച്ച സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
തുന്പോളി കൊച്ചുതൈയിൽ വീട്ടിൽ മറിയാമ്മ രാജപ്പൻ (79) ആണ് ഇന്നലെ പുലർച്ചെയോടെ വീടിനുമുന്നിലെ കാർപോർച്ചിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്.
പുലർച്ചെ പത്രവിതരണത്തിനെത്തിയ ആളാണ് വൃദ്ധയെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. ഭർത്താവ് മരിച്ച ഇവർ മക്കളില്ലാത്തതിനാൽ കുറേ വർഷങ്ങളായി ബന്ധുക്കളുടെ കൂടെയായിരുന്നു താമസം.
ബന്ധുവിന്റെ ചികിത്സയുടെ ആവശ്യത്തിനായി വീട്ടിലുള്ളവർ തിരുവനന്തപുരത്ത് പോയതിനാൽ രണ്ടുമൂന്നുദിവസമായി ബന്ധുവിന്റെ വീടായ സമീപത്തെ തോട്ടത്തിൽവീട്ടിൽ ഒറ്റയ്ക്കാണ് കഴിഞ്ഞത്. ശരീരത്തിലെ ചില ഭാഗങ്ങളിൽ മാംസം അടർന്ന നിലയിൽ കാണപ്പെട്ടത് നായ കടിച്ചതാകാമെന്നു കരുതുന്നു.