തുന്പൂർ: തുന്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് നടന്നു മടങ്ങുകയായിരുന്ന കൊറ്റനെല്ലൂർ സ്വദേശികളുടെ മേൽ കാറിടിച്ച് രണ്ടുകുടുംബങ്ങളിൽ നിന്നായി നാലുപേർ മരിച്ചു. കൊറ്റനെല്ലൂർ പള്ളിക്കടുത്ത് പേരാന്പുള്ളി ശങ്കരൻ മകൻ സുബ്രൻ(56), മകൾ പ്രജിത(23), കണ്ണാന്തറ വീട്ടിൽ ബാബു(58), മകൻ വിബിൻ(28) എന്നിവരാണ് മരിച്ചത്. ഇന്നലെ അർധരാത്രിക്കു ശേഷമായിരുന്നു അപകടം.
തുന്പൂർ വെള്ളാങ്ങല്ലൂർ റോഡിൽ ഇന്ദിരാ ഭവന് അടുത്തുവച്ചാണ് ദുരന്തമുണ്ടായത്. പരിക്കറ്റ ഒരാൾ മാളയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വെളളാങ്ങല്ലൂർ ഭാഗത്തുനിന്ന് എതിരെ വന്ന നിയന്ത്രണം വിട്ട കാർ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഇവരെ ഉടൻതന്നെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെങ്കിലും സുബ്രനും ബാബുവും വിബിനും രാത്രി തന്നെ മരിച്ചു. തൃശൂർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പ്രജിത പുലർച്ചെയാണ് മരിച്ചത്.
അപകടത്തെ തുടർന്ന് നിറുത്താതെ പോയ കാർ ആളൂർ എസ് ഐ കെ.എസ് സുശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരും പിന്തുടർന്ന് പിടികൂടുകയായിരുന്നു. പൈങ്ങോട്-വള്ളിവട്ടം സ്വദേശികളായ നാലു ചെറുപ്പക്കാരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുപതിനും 23 നും ഇടയിൽ പ്രായമുള്ള ഇവർ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. ഒരാൾക്ക് നേരിയ പരിക്കുണ്ട്.
മരിച്ച സുബ്രനും ബാബുവും കൂലിപ്പണിക്കാരാണ്. ബിബിൻ ഓട്ടോ ഡ്രൈവറാണ്. പ്രജിത ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയാണ്.പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നു വൈകീട്ട് ഇവരുടെ സംസ്കാരം നടക്കും. ആളൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.