കോട്ടയം: മീനച്ചിലാറിന്റെ ആരംഭസ്ഥാനമായ മേലടുക്കം ഭാഗമൊഴികെ, മാര്‍മല വെള്ളച്ചാട്ടം മുതല്‍ പതനസ്ഥാനമായ പഴുക്കാനിലക്കായല്വരെ മലിനീകരണം ഗുരുതരമായി വര്‍ധിച്ചതായും ആനുപാതികമായി ശുദ്ധജല സൂചികയായ തുമ്പികളുടെ എണ്ണം അപകടകരമായ തോതില്‍ കുറഞ്ഞുവരുന്നതായും പഠനറിപ്പോര്‍ട്ട്.
കേരള വനംവകുപ്പ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗവും ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസും ചേര്‍ന്ന് നടത്തിയ ഒമ്പതാമത് മീനച്ചില്‍ തുമ്പി സര്‍വേയിലാണ് അടിയന്തര ഇടപെടലുകള്‍ ആവശ്യപ്പെടുന്ന വിവരം കണ്ടെത്തിയത്.
ഇത്തവണ തുമ്പി സര്‍വേയോടൊപ്പം മീനച്ചിലാറിന്റെ 16 ഇടങ്ങളില്‍ നിന്നും വെള്ളം സാമ്പിളുകള്‍ ശേഖരിച്ച് കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യവും പഠന വിധേയമാക്കിയിരുന്നു. മാലിന്യത്തിന്റെ തോത് വര്‍ധിക്കുന്നതിനനുസരിച്ച്, ശുദ്ധജലത്തില്‍ മാത്രം മുട്ടയിട്ടു വളരുന്ന ഒട്ടേറെ തുമ്പി ഇനങ്ങള്‍, കുറഞ്ഞു വരികയോ അപ്രത്യക്ഷമാകുകയോ ചെയ്യുകയാണ്.
ഈ വര്‍ഷം 18 കല്ലന്‍തുമ്പികളും 19 സൂചിത്തുമ്പികളും ഉള്‍പ്പെടെ 37 ഇനം തുമ്പികളെയാണ് മീനച്ചിലാറിന്റെ തീരങ്ങളില്‍ കണ്ടെത്താനായത്.
മുന്‍ വര്ഷങ്ങളിലേക്കാള് ശരാശരി 10 ഇനങ്ങള്‍ കുറവാണിത്. സാധാരണയായി കൂടുതലായി കണ്ടിരുന്ന കല്ലന്തുമ്പികളുടെ വൈവിധ്യമാണ് സൂചിത്തുമ്പികളെ അപേക്ഷിച്ചു സാരമായി കുറഞ്ഞത്. ശുദ്ധജല പരിസ്ഥിതിയുടെ സൂചകമായ പുള്ളിനിഴല് തുമ്പി കിടങ്ങൂര്‍,
തിരുവഞ്ചൂര്‍, തണലോരം എന്നിവിടങ്ങളിലും ചെങ്കറുപ്പന്‍ അരുവിയന്‍ എന്ന ഇനം മേലടുക്കത്തും കാണാനായി. സര്‍വേ ദിവസം അപ്രതീക്ഷിതമായുണ്ടായ മഴ, തുമ്പികളെ കണ്ടെത്തുന്നതില്‍ തടസമായിട്ടുണ്ടെങ്കിലും കാലാവസ്ഥാ മാറ്റവും മലിനീകരണവും തുമ്പികളുടെ വൈവിധ്യത്തെ ബാധിക്കുന്നുണ്ടെന്ന് വ്യക്തമാണ്. മേലടുക്കത്തൊഴികെ എല്ലായിടത്തും മലിനീകരണ സൂചകമായ ചങ്ങാതിത്തുമ്പികള്‍ വ്യാപകമായി കണ്ടിരുന്നു.
വര്‍ധിച്ചുവരുന്ന ജല പരിസ്ഥിതിയുടെ നാശം തുമ്പികളെ മാത്രമല്ല,മ നുഷ്യന്റെയും ജന്തുജാലങ്ങളുടെയും വിളകളുടെയും ആരോഗ്യത്തിനും ഗുരുതര ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നു സര്‍വേക്ക് നേതൃത്വം നല്കിയ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ കെ. ബി. സുഭാഷ്, ടൈസ് പ്രസിഡന്റ് ഡോ. ഏബ്രഹാം സാമുവല്‍ എന്നിവര്‍ പറഞ്ഞു.
16 സ്ഥാപനങ്ങളില്‍ നിന്നായി 60ല്‍ അധികം വിദ്യാര്‍ഥികള്‍ സര്‍വേയില്‍ പങ്കെടുത്തു. ഡോ. പുന്നന്‍ കുര്യന്, എം.എന്‍. അജയകുമാര്‍, ശരത് ബാബു, ടോണി ആന്റണി, അനൂപ മാത്യൂസ്, എം. തോമസ് യാക്കോബ്, ഡോ. സരിതാ രാമചന്ദ്രന്, മഞ്ജു മേരി, അമൃത വി. രഘു, കെ.എം.ഗിരി എന്നിവര്‍ നേതൃത്വം നല്കി.