കൂറ്റൻ തിരമാലകളെയും കൊടുംങ്കാറ്റിനെയും അതിജീവിക്കാൻ ശേഷിയുള്ള ബോട്ടുമായി ഐറിഷ് കന്പനി. തണ്ടർ ചൈൽഡ് എന്നു പേരിട്ടിരിക്കുന്ന ബോട്ട്, സേഫ് ഹെവൻ എന്ന കന്പനിയാണ് നിർമിച്ചിരിക്കുന്നത്.
പരീക്ഷണ യാത്രയിലെ ബോട്ടിന്റെ മിന്നും പ്രകടനംകണ്ട് ഇഷ്ടപ്പെട്ട ഐറിഷ് നാവിക സേന കൂടുതൽ തണ്ടർ ചൈൽഡ് ബോട്ടുകൾ നിർമിച്ചു നൽകാൻ കന്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിശക്തമായ കടൽക്ഷോഭമുണ്ടായാൽപോലും മുങ്ങില്ലെന്നുള്ളതാണ് ബോട്ടിന്റെ പ്രത്യേകതകളിലൊന്ന്.
കൊടുംകാറ്റിൽ എടുത്തെറിയപ്പെട്ടാലും തലകീഴായി വീഴാത്തവിധമാണ് ബോട്ടിന്റെ നിർമാണം. അതിനാൽതന്നെ ബോട്ടു മറിയുകയെന്നത് അസംഭവ്യമാണെന്ന് കന്പനി പറയുന്നു. ക്ഷതങ്ങൾ ആഗിരണം ചെയ്യാൻ കഴിവുള്ള പുറംപാളികളാണ് ബോട്ടിന്റെ മറ്റൊരു പ്രത്യേകത. യാത്രക്കാർക്ക് ക്ഷതമേൽക്കാതെ ഈ പാളി സംരക്ഷണമേകും.
മണിക്കൂറിൽ 62 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിവുള്ള ബോട്ടിൽ 10 പേർക്കു യാത്രചെയ്യാനാവും. രക്ഷാപ്രവർത്തനങ്ങളിൽ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് തണ്ടർ ചൈൽഡിന്റെ നിർമാണം.