ഇടുക്കി: ഇടിമിന്നലേറ്റ് അച്ഛനും മകനും ഗുരുതര പരിക്കേറ്റു. തേര്‍ഡ് ക്യാമ്പ് മൂലശേരിയില്‍ സുനില്‍കുമാറിനും(44) മകന് ശ്രീനാഥി (14) നുമാണ് പരിക്കേറ്റത്. ഇവരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. പാമ്പാടിയില്‍ ബന്ധുവിന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം തേര്‍ഡ്ക്യാമ്പിലെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു അപകടം. ഭക്ഷണം കഴിച്ചശേഷം വീടിനുള്ളില്‍ ഇരിക്കുകയായിരുന്ന ഇരുവര്‍ക്കും മിന്നലേല്‍ക്കുകയായിരുന്നു.
മിന്നലില്‍ തലയ്ക്കും കാലിനും പരിക്കേറ്റ ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.
കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ശ്രീനാഥ്. ശ്രീനാഥ് അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു. സുനില്‍ ഇപ്പോഴും തേനി മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്.
ഇന്നലെ രാത്രി തമിഴ്നാട് അതിര്‍ത്തി മേഖലയില്‍ അതിശക്തമായ മഴയാണ് പെയ്തത്. ഇതോടൊപ്പമാണ് ഇടിമിന്നലും ഉണ്ടായത്. കരുണാപുരം, കൂട്ടാര്‍, തേര്‍ഡ്ക്യാമ്പ്, രാമക്കല്‍മേട്, തൂക്കുപാലം, മുണ്ടിയെരുമ, നെടുങ്കണ്ടം, പാറത്തോട്, ഉടുമ്പന്‍ചോല തുടങ്ങിയ മേഖലകളില്‍ എല്ലാം നാലുമണിക്കൂറോളം അതിശക്തമായ മഴ പെയ്തു.
കഴിഞ്ഞ ആഴ്ച എഴുകുംവയല്‍ കുട്ടന്കവലയില് ഉണ്ടായ ഇടിമിന്നലില്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു. വീട് ഭാഗികമായി തകരുകയും ചെയ്തു. തുലാമഴയോടൊപ്പം ഉണ്ടാകുന്ന ഇടിമിന്നലിന്റെ ഭീതിയിലാണ് മലയോര ജില്ലയായ ഇടുക്കി. കനത്ത മഴയോടൊപ്പം അതിതീവ്ര മിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടവും നിര്‍ദേശം നല്കി.