കെ.ഷിന്റുലാല്‍
കോഴിക്കോട്: വയനാട് ബാണാസുര വനത്തില്‍ മാവോയിസ്റ്റ് വേല്മുരുകന് കൊല്ലപ്പെട്ട സംഭവത്തില്‍ തണ്ടര്‍ബോള്‍ട്ടിന്റെ തോക്കുകള്‍ പരിശോധിക്കും .
ഓപ്പറേഷനില്‍ പങ്കെടുത്ത തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങള്‍ ഉപയോഗിച്ച തോക്കുകളാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുക്കുന്നത്. 18 സേനാംഗങ്ങളാണ് ഓപ്പറേഷനിലുണ്ടായിരുന്നത്. ഇവര്‍ ഉപയോഗിച്ച 18 തോക്കുകളും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കും.
തോക്കുകള്‍ ഏതെല്ലാമാണെന്നും അതിനുള്ളിലുള്ള വെടിയുണ്ടകള്‍ ഏത് അളവിലുള്ളതാണെന്നും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കും. ഓരോ തോക്കിലും അവശേഷിക്കുന്ന വെടിയുണ്ടകള്‍ എത്രയെന്ന് പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്യും.
ഓരോ തോക്കില്‍നിന്നും എത്ര റൗണ്ട് വെടിയുതിര്ത്തുവെന്നതും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ആയി രേഖപ്പെടുത്തും. ഈ റിപ്പോര്‍ട്ടും തോക്കുകളും കോടതിയില്‍ ഹാജരാക്കി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് (എഫ്എസ്എല്) അയയ്ക്കും.
എഫ്എസ്എല്ലിലെ ബാലിസ്റ്റിക് വിഭാഗമാണ് തോക്കുകളുടെ പരിശോധന നടത്തുന്നത്. മരിച്ച മാവോയിസ്റ്റിന്റെ ശരീരത്തില്‍ തറച്ച വെടിയുണ്ടകള്‍ തണ്ടര്ബോര്ട്ടിന്റെ തോക്കില്‍ നിന്നുള്ളതാണെന്ന് സ്ഥിരീകരിക്കുന്നതിന് ഓരോ തോക്കും ശാസ്ത്രീയമായി പരിശോധിക്കണം.
ഏത് തോക്കില്‍ നിന്നുള്ള വെടിയുണ്ടയാണ് മാവോയിസ്റ്റിന്റെ ദേഹത്തുണ്ടായിരുന്നതെന്ന് കണ്ടെത്തണം. കൂടാതെ ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് നിന്ന് ഫോറന്‍സിക് വിദഗ്ധര്‍ വെടിയുണ്ടകള്‍ ശേഖരിച്ചിട്ടുണ്ട്.
ഇതില്‍ തണ്ടര്ബോര്ട്ടിന്റെത് ഏതെല്ലാമാണെന്നും മാവോയിസ്റ്റുകള്‍ ഉപയോഗിച്ച തോക്കില്‍ നിന്നുള്ളത് ഏതെല്ലാമാണെന്നും കണ്ടെത്തേണ്ടതായുണ്ട്. മാവോയിസ്റ്റുകള്‍ തിരിച്ച് വെടിവച്ചുവെന്നത് തെളിയിക്കാന്‍ ഇതുവഴി സാധിക്കും.
മരിച്ച വേല്‍മുരുകന്റെ കൈവശമുണ്ടായിരുന്ന തോക്കും പരിശോധനയ്ക്ക് അയയ്ക്കും. വ്യാജ ഏറ്റമുട്ടലിലാണ് മാവോയിസ്റ്റ് മരിച്ചതെന്ന ആരോപണം ശക്തമാണ്.
പോലീസ് ഏറ്റമുട്ടലുകള്‍ ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ദേശീയമനുഷ്യാവകാശ കമ്മീഷനും കോടതിയും പ്രത്യേകം ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് പ്രാഥമികമായി തോക്കുകളുടെ പരിശോധന നടത്തുന്നത്.