വിഴിഞ്ഞം: വെള്ളാറിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്രേരണാകുറ്റത്തിന് ഭർത്താവിനെയും മകനെയും കോവളം പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം താന്നിക്കാട് മാലിയിൽ നട്ടാശേരി പുഷ്കരന്റെയും ശാന്തയുടെയും മകൾ ബിന്ദു (46)നെയാണ് ഇന്നലെ പുലർച്ചെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
ബിന്ദുവിനെ ഭർത്താവും മകനും നിരന്തരം മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഭർത്താവ് അനിൽ (48) മകൻ അഭിജിത്ത് (20) എന്നിവരെ കോവളം പോലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം സ്വദേശികളായ കുടുംബം കഴിഞ്ഞ 27 വർഷമായി വെള്ളാറിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നുവെന്നും ഭർത്താവിന്റെയും മകന്റെയും ഉപദ്രവത്തെ കുറിച്ച് വീട്ടമ്മ നേരത്തെ കോവളം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
അന്ന് ഇരു കൂട്ടരെയും വിളിച്ച് കേസ് ഒത്തു തീർപ്പാക്കി വിട്ടിരുന്നതാണ്.ഇന്നലെ രാത്രി 12.30 ഓടെ വീട്ടിനുള്ളിൽ തൂങ്ങിനിന്ന വീട്ടമ്മയെ ഭർത്താവും മകനും കൂടി അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
ആശുപത്രി അധികൃതരാണ് പോലീസിനെ അറിയിച്ചത്. വീട്ടമ്മയുടെ സഹോദരൻ മരണത്തിൽ ദുരൂഹത ആരോപിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്.
ആത്മഹത്യ പ്രേരണ കുറ്റത്തിന് ഭർത്താവിനെയും മകനെയും അറസ്റ്റ് ചെയ്തത്. മൃതദേഹത്തിൽ അടിയേറ്റ പാടുകൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
ടൂറിസം വകുപ്പിന്റെ കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിലെ ജീവനക്കാരനാണ് അറസ്റ്റിലായ അനിൽ .
പോസ്റ്റമോർട്ടത്തിനുശേഷം മൃതദേഹം കോട്ടയത്തക്ക് കൊണ്ടുപോയെന്നും ഇന്ന് സംസ്കാരം നടത്തുമെന്നും ബന്ധുക്കൾ പറഞ്ഞു.
കോവളം എസ്എച്ച്ഒ പ്രൈജു,എസ്ഐ അനീഷ്കുമാർ, എഎസ്ഐ മുനീർ, സിപിഒ ലജീവ് കൃഷ്ണ, ശ്യാംകുമാർ, ഡാനിയൽ എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.