ആർപ്പൂക്കര: മുറിവിനുള്ളിൽ പഞ്ഞി വച്ച് തുന്നിക്കെട്ടി. അസ്വസ്ഥതയുണ്ടായപ്പോൾ പഞ്ഞി നീക്കം ചെയ്തു തടി തപ്പി. കോട്ടയം മെഡിക്കൽ കോളജിലാണ് സംഭവം. കരിപ്പൂത്തട്ട് പുത്തൂച്ചിറ ടി എൻ സദാശിവനാണ് (69) ദുരനുഭവം ഉണ്ടാ യത്. കഴിഞ്ഞ 12ന് സദാശിവന്റെ വീട്ടിൽ യന്ത്രം ഉപയോഗിച്ച് മരംമുറിച്ചിരുന്നു. താഴെ വീണ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റുന്നതിനിടെ യന്ത്രം ഉപയോഗിച്ചിരുന്ന ആളിന്റെ കൈ നിയന്ത്രണം വിട്ട് യന്ത്രവാൾ സമീപത്തു നിന്ന ശിവന്റെ അടിവയർ ഭാഗത്ത് കൊണ്ട് മുറിവുണ്ടാവുകയായിരുന്നു.
10 സെന്റിമീറ്ററോളം നീളത്തിലുണ്ടായ മുറിവിന്റെ തുടക്കത്തിൽ കൂടുതൽ ആഴവും ഉണ്ടായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ഇവിടെത്തന്നെയുള്ള ശസ്ത്രക്രിയാ വിഭാഗത്തിൽ പ്രവേശിപ്പിച്ച് മുറിവിന് തുന്നൽ ഇടുകയും ചെയ്തു. വൈകുന്നേരം നാലരയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ രാത്രി 10 മണിയോടെ വീട്ടിലേക്ക് പറഞ്ഞു വിട്ടു.
11 ദിവസത്തിനു ശേഷം തുന്നൽ എടുക്കുവാൻ ഇദ്ദേഹം വീണ്ടും ആശുപത്രിയിലെത്തി. തുന്നൽ എടുത്ത ശേഷം മുറിവുകൾ കെട്ടി വീണ്ടും വീട്ടിലേക്ക് പറഞ്ഞു വിട്ടു. വീട്ടിലെത്തിക്കഴിഞ്ഞ് മുറിവിന്റെ ഭാഗത്ത് ചൊറിച്ചിലും അസ്വസ്ഥതയും ഇദ്ദേഹത്തിന് അനുഭവപ്പെട്ടു. ഇതേത്തുടർന്ന് 24-ന് മുറിവിന്റെ കെട്ട് അഴിച്ചുമാറ്റിയപ്പോൾ മൂന്നു ഭാഗങ്ങളിലായി പഞ്ഞി തൂങ്ങിക്കിടക്കുന്നതാണ് കണ്ടത്.
ഇതിൽ പിടിച്ചു വലിച്ചപ്പോൾ വേദനയും അതോടൊപ്പം രക്തപ്രവാഹവും ഉണ്ടായി. വീണ്ടും ഇന്നലെ രാവിലെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിച്ച ഇദ്ദേഹത്തെ മരവിപ്പിച്ച ശേഷം മുറിവിൽ നിന്നും പഞ്ഞി നീക്കം ചെയ്ത് ഡ്രസ് ചെയ്തു വിടുകയായിരുന്നു.
ചികിത്സ നല്കിയ ഡോക്ടറുടെ അശ്രദ്ധമൂലം രോഗിക്കുണ്ടായ ശാരീരിക മാനസിക ബുദ്ധിമുട്ടുകൾക്ക് ആര് സമാധാനം പറയുമെന്നാണ് രോഗിയുടെ ബന്ധുക്കൾ ചോദിക്കുന്നത്. ശിവദാസൻ രാഷ്ട്രീയ കക്ഷിയായ എൽജെഡി യു ടെ മണ്ഡലം പ്രസിഡന്റാണ്. സംഭവത്തിൽ ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് അംഗവും എൽജെഡി പഞ്ചായത്ത് സെക്രട്ടറിയുമായ പി ജി പ്രവീണ് പ്രതിഷേധിച്ചു.