ചിലർക്കു വളരെ അപമാനകരമെന്നു തോന്നുന്ന കാര്യങ്ങൾ മറ്റു ചില ജനതകൾക്ക് അഭിമാനകരമായ കാര്യമായിരിക്കും. ചില സംസ്കാരങ്ങൾ തീർത്തും അസ്വീകാര്യമായി തോന്നാം. നമുക്ക് അസ്വീകാര്യമായത് മറ്റു ചിലർക്ക് ഒഴിവാക്കാൻ പറ്റാത്തതുമായിരിക്കും.
അതുകൊണ്ടു തന്നെ ഏതൊരു നാട്ടിലേക്കു ചെല്ലുന്നതിനു മുന്പും അവിടുത്തെ സംസ്കാരവും രീതികളെയുംകുറിച്ചൊക്കെ അത്യാവശ്യം മനസിലാക്കിയിരിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.
പ്രത്യേകിച്ചു ഗോത്ര ജനതകൾക്കിടയിലാണ് വിചിത്രമായ ആചാരങ്ങളും അനുഷ്ഠാനങ്ങൾക്കും ഏറെ വേരോട്ടമുള്ളത്.
ഹസ്തദാനം വേണ്ട!
നമുക്കു വേണ്ടപ്പെട്ടവരെ കാണുന്പോൾ നമ്മൾ എങ്ങനെയാണ് സ്വീകരിക്കുക. ഹസ്തദാനം ചെയ്തോ ആലിംഗനം ചെയ്തോ നമസ്കാരം പറഞ്ഞോ ഒക്കെയല്ലേ.
പക്ഷേ, കെനിയയിലും ടാർസാനിയയിലുമുള്ള മാസായി ഗോത്രത്തിൽ അങ്ങനെയല്ല കാര്യങ്ങൾ. അവരുടെ സ്വീകരണ രീതി വേറൊരു ലെവലാണ്.
കേട്ടാൽ ആ നാട്ടിലേക്കോ പോകുന്നില്ല എന്നു പലരും തീരുമാനിച്ചേക്കാം. പരസ്പരം കാണുന്പോൾ സന്തോഷത്തോടെ ഹസ്തദാനം ചെയ്യുന്നതിനു പകരം കൈകളിൽ തുപ്പുന്നതാണ് അവരുടെ രീതി.
തുപ്പി സ്വീകരണം
അതായത് തുപ്പിയാണ് അവർ സുഹൃത്തുക്കളെയും വേണ്ടപ്പെട്ടവരെയും സ്വീകരിക്കുക. തുപ്പലെന്നു കേൾക്കുന്പോഴേ വെറുപ്പോടെ മുഖം ചുളിക്കുന്നവരാണ് നമ്മൾ.
ഉമിനീർ വായിൽനിന്നു പുറത്തേക്കു വന്നുകഴിഞ്ഞാൽ പിന്നെ അതു തുപ്പൽ എന്ന വെറുക്കപ്പെട്ട വസ്തുവാണ്. മാത്രമല്ല, നിരവധി രോഗാണുക്കളുടെ സാന്നിധ്യവും തുപ്പലിൽ ഉണ്ടാകാമെന്നു വൈദ്യശാസ്ത്രം പറയുന്നു.
അതുകൊണ്ടു തന്നെ പൊതുനിരത്തിൽ പോലും തുപ്പുന്നതിനെ നിയമപരമായി പോലും ഭരണകൂടങ്ങൾ വിലക്കിയിട്ടുണ്ട്. നമ്മുടെ നാട്ടിലും കോവിഡ് കാലത്തെ പ്രധാന മുദ്രാവാക്യങ്ങളിലൊന്ന് തുപ്പല്ലേ തോറ്റുപോകും എന്നായിരുന്നല്ലോ.
കുഞ്ഞുങ്ങൾക്കും തുപ്പൽ!
പ്രത്യേകിച്ചു കോവിഡ് മഹാമാരി താണ്ഡവമാടുന്പോൾ തുപ്പലിനെയും സ്രവങ്ങളെയുമെല്ലാം ഭീതിയോടു കാണുകയാണ് ലോകം.
ഈ തുപ്പൽ സ്വീകരണം നടത്തുന്നവർ ഇപ്പോഴെങ്ങനെയാണോ കോവിഡിനെ പ്രതിരോധിച്ചു നിർത്തുന്നതെന്ന് അറിയില്ല. എങ്കിലും ഇവരുടെ തുപ്പൽ സ്വീകരണം യാതൊരു മാറ്റവുമില്ലാതെ തുടർന്നുവരികയാണ്.
തുപ്പുന്നതു വലിയ രോഗങ്ങൾ പരത്തുമെന്നു പുറമേ കാണുന്നവർക്കു തോന്നുമെങ്കിലും മസായി ഗോത്രക്കാർക്ക് ഇതൊന്നും പ്രശ്നമല്ല. തുപ്പുന്നതു ഭക്തിയുടെയും അനുഗ്രഹത്തിന്റെയും അടയാളമായിട്ടാണ് ഇവിടെ ആളുകൾ കരുതുന്നത്.
അവരുടെ ഗോത്രത്തിൽ ഒരു കുഞ്ഞ് പിറന്നുവെന്നു വയ്ക്കുക, മാതാപിതാക്കളും ബന്ധുക്കളും അയൽക്കാരും നാട്ടുകാരുമെല്ലാം ആ കുഞ്ഞുങ്ങളുടെ ദേഹത്തേക്കു തുപ്പുമത്രേ.
പെൺകുട്ടികളെ വിവാഹം കഴിച്ചയയ്ക്കുന്ന പിതാവ് വിവാഹദിനത്തിൽ മകളുടെ നെറ്റിയിൽ തുപ്പിക്കൊണ്ടാണ് അനുഗ്രഹിക്കുന്നത്. ഇതു കൂടാതെ യുദ്ധത്തിലും മറ്റും പങ്കെടുത്തു തിരിച്ചെത്തുന്ന യോദ്ധാവിനെ മൂപ്പനും ആളുകളും കൂടി തുപ്പി തുപ്പി സ്വീകരിക്കുന്നു.