തച്ചന്പാറ: പാലക്കാട് -കോഴിക്കോട് ദേശീയപാതയിലെ തുപ്പനാട് പുഴക്ക് കുറുകെ പുതിയ പാലം നിർമിക്കുന്നു. ഇതേതുടർന്ന് പഴയ ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച പാലത്തിന്റെ തൂണുകൾ പൊളിച്ചു തുടങ്ങി. ഈ ഭാഗത്താണ് പുതിയ നിർമ്മിക്കുന്നത്. തുപ്പനാട് പുഴക്ക് കുറുകെ തല ഉയർത്തി നിന്നിരുന്ന പഴയ പാലത്തിന്റെ കരിങ്കൽ ഭിത്തികൾ ഇനി ഓർമയിലേക്ക് മായുകയാണ്.
പതിറ്റാണ്ടുകളായി കല്ലടിക്കോട്എന്ന സ്ഥലനാമവുമായി ചേർത്തുവച്ചിരുന്ന ഈ സ്മാരകശിലകൾ ബ്രിട്ടീഷ് ഭരണകാലത്തെ നിർമിതിയായും കണക്കാക്കപ്പെട്ടിരുന്നു. നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പാലത്തിന് ബലക്ഷയം സംഭവിച്ചതോടെയാണ് പഴയ പാലത്തിന്റെ സ്ഥാനത്ത് 16 മീറ്റർ വീതിയിൽ പുതിയ പാലം ഉയർത്തുന്നത്.
തുപ്പനാട് ജുമാ മസ്ജിദിന് തൊട്ടടുത്തായി, ഉപയോഗത്തിലുള്ളപാലം നവീകരിക്കുന്നതിനേക്കാൾ നല്ലത് പുതിയത് നിർമിക്കുകയാണെന്നും അധികാരികൾ കരുതിയിരിക്കണം. നാഷണൽ ഹൈവേ റോഡു വികസനത്തിന്റെ ഭാഗമായി പഴയ പാലത്തിന്റെ സ്ഥാനത്ത് പുതിയ പാലത്തിനുള്ള നിർമാണ പ്രവൃത്തികൾ ആരംഭിച്ചു.
ഇതോടൊപ്പം പാലവുമായി ചേർന്നുള്ള പുരാതന റോഡും വീതികൂട്ടി പ്രവർത്തനക്ഷമമാകും. ഇതോടെ വിസ്മൃതിയിലായ ഒരു കാലഘട്ടത്തിനു ഉണർവുണ്ടാവുകയാണ്. പഴയവള്ളുവനാട് ചരിത്രത്തിന്റെ നാഴികക്കല്ലാണ് തുപ്പനാട് പഴയപാലം. വാഹനങ്ങൾ അധികമില്ലാത്ത കാലത്ത് പാലത്തിലൂടെ തിക്കും തിരക്കും കുറവായിരുന്നു. പഴയ പാലത്തിന്റെ തകർച്ചയെക്കുറിച്ച് പല അഭിപ്രായങ്ങളും ആളുകൾക്കുണ്ട്.
എന്നാൽ ഇപ്പോൾ ഉപയോഗത്തിലുള്ള പാലം 1970 ലാണ് ഉദ്ഘാടനം നടന്നതെന്നും ശക്തമായ മഴയെ തുടർന്നാണ് പഴയ പാലത്തിന്റെ ഭിത്തികൾക്ക് തകർച്ച ആരംഭിച്ചതെന്നും പ്രദേശവാസിയും പൊതുപ്രവർത്തകനുമായ പി.കെ. അബ്ദുള്ളകുട്ടി ഓർമ്മിക്കുന്നു. പുതിയപാലം വരുന്നതോടെ ദേശീയപാതയിലെ ഗതാഗതകുരുക്ക് ഒരു പരിധിവരെ കുറയ്ക്കാനാകും. മാത്രമല്ല പ്രദേശത്തെ അപകടസാധ്യതയ്ക്കും ഇതോടെ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.