പട്ടിക്കാട്: കുതിരാനിൽ കഴിഞ്ഞദിവസം തുറന്ന രണ്ടാമത്തെ തുരങ്കത്തിലൂടെ കെ. രാജൻ എംഎൽഎയും മറ്റു ജനപ്രതിനിധികളും ആദ്യയാത്ര നടത്തി. ഇരുന്പുപാലത്ത് തുരങ്കത്തിന്റെ കവാടത്തിൽനിന്ന് ആരംഭിച്ച യാത്ര കുതിരാന്റെ പടിഞ്ഞാറെ അറ്റത്തു സമാപിച്ചു. എംഎൽഎ സ്വന്തം വാഹനത്തിലാണു യാത്ര ചെയ്തത്. ജനപ്രതിനിധികളും കന്പനി അധികൃതരം എംഎൽഎയെ അനുഗമിച്ചു.
ഇന്ത്യയിലെ ആദ്യ ഇരട്ടക്കുഴൽ തുരങ്കനിർമാണമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്നും പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ചരിത്രത്താളുകളിൽ ഇടംപിടിച്ചെന്നും അദ്ദേഹം പറഞ്ഞു. തുരങ്ക നിർമാണവുമായി ബന്ധപ്പെട്ടു നഷ്ടപരിഹാരം കിട്ടാനുള്ളവർക്ക് ഒരുമാസത്തിനുള്ളിൽ നല്‍കും. ഇതുസംബന്ധിച്ച വില്ലേജ് ഓഫീസ് നടപടികൾ പൂർത്തിയായി. രണ്ടാംഘട്ട നഷ്ടപരിഹാര അപേക്ഷകൾ പരിശോധിക്കാനുള്ള നടപടികൾ ആരംഭിക്കുകയാണെന്നും എംഎൽഎ അറിയിച്ചു.
പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.വി. അനിത, വൈസ് പ്രസിഡന്റ് കെ.എ. അബൂബക്കർ, വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അനിത പോൾസണ്‍, കണ്ണന്പ്ര പഞ്ചായത്ത് പ്രസിഡന്റ്, പ്രഗതി ഗ്രൂപ്പ് എംഡി എം.വി.എസ്. കൃഷ്ണംരാജ, ഡയറക്ടർ വിഷ്ണു വർമ എന്നിവരും എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു.
ഇന്നു മുതൽ തുരങ്കത്തിന്റെ ബെൻജിംഗ് പണികളും കോണ്‍ക്രീറ്റിംഗും ആരംഭിക്കുമെന്ന് കന്പനി അധികൃതർ അറിയിച്ചു.