ശ്രീനഗർ: പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കു നുഴഞ്ഞു കയറുന്നതിനായി ഭീകരർ നിർമിച്ച തുരങ്കം ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) കണ്ടെത്തി.അർണിയ സെക്ടറിൽ ദമനയക്കടുത്തുള്ള വിക്രം -പട്ടേൽ പോസ്റ്റുകൾക്കിടയിലായാണ് 14 അടി ആഴമുള്ള തുരങ്കം കണ്ടെത്തിയത്.
അതിർത്തിയിൽ സമഗ്രപരിശോധന നടത്തുന്നതിനിടെയാണു തുരങ്കം ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തേത്തുടർന്ന് പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കിയതായി ഇന്ത്യൻ ആർമിയിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. ബിഎസ്എഫും പാക്കിസ്ഥാനി റേഞ്ചേഴ്സും കൂടിക്കാഴ്ച നടത്തുകയും സംഘർഷാവസ്ഥ കുറയ്ക്കാൻ ധാരണ ഉണ്ടാക്കുകയും ചെയ്തതിന്റെ പിറ്റേദിവസമാണു തുരങ്കം കണ്ടെത്തിയത്.
ഏഴു മാസത്തിനുള്ളിൽ കണ്ടെത്തിയ രണ്ടാമത്തെ തുരങ്കമാണിത്. സാംബയിലെ രാംഗഡ് സെക്ടറിലാണ് ആദ്യത്തേതു കണ്ടത്. നുഴഞ്ഞു കയറ്റം തടയാൻ ബിഎസ്എഫ് നിർമിച്ച മുള്ളുവേലിക്കടിയിലായിരുന്നു പുതിയ തുരങ്കം.
ജമ്മുവിൽ ഈ ഉത്സവകാലത്തു കുഴപ്പമുണ്ടാക്കാനായി ധാരാളം ഭീകരരെ ഇങ്ങോട്ടു കടത്തിവിടാനാണു തുരങ്കം നിർമിച്ചതെന്നു ബിഎസ്എഫ് വക്താവ് പറഞ്ഞു.പാക്കിസ്ഥാൻ ഭാഗത്തുള്ള ധംല നുള്ള എന്ന ചെറുനദിയുടെ കരയിൽ പത്തു പന്ത്രണ്ട് സായുധ പാക്കിസ്ഥാൻകാരെ ബിഎസ്എഫ് പട്രോൾ സംഘം രാവിലെ കണ്ടിരുന്നു. പട്രോൾ സംഘം തുരങ്കമുള്ള ഭാഗത്തേക്കു നീങ്ങിയപ്പോൾ പാക്കിസ്ഥാനികൾ വെടിവച്ചു. പക്ഷേ ബിഎസ്എഫ് ജവാന്മാർ മുന്നോട്ടു നീങ്ങി. തുടർന്നാണ് തുരങ്കം കണ്ടത്. മൂന്നടി ഉയരവും രണ്ടര അടി വീതിയും 14 അടി ആഴവും ഉണ്ടായിരുന്നു തുരങ്കത്തിന്. ഇതിൽ ഭീകരർ ഗ്രനേഡുകൾ, എകെ-47 തോക്ക്, സ്ലീപ്പിംഗ് ബാഗ്, കുഴിക്കാനുള്ള ഉപകരണങ്ങൾ, ഭക്ഷണം എന്നിവ കണ്ടെത്തി.രണ്ടോ മൂന്നോ ദിവസമേ ആയുള്ളു തുരങ്കനിർമാണം തുടങ്ങിയിട്ട് എന്നു ജമ്മുവിലെ ബിഎസ്എഫ് ഓഫീസർ രാം അവതാർ പറഞ്ഞു.
തുരങ്കം, കുഴിബോംബ് തുടങ്ങിയ കണ്ടെത്താനുള്ള പ്രത്യേക പരിശോധന നടത്തുന്നതിനിടെയാണ് ഇതു കണ്ടെത്തിയത്. കുറേ ദിവസമായി ഈ ഭാഗത്തു പാക്കിസ്ഥാനി ഷെല്ലിംഗ് ആവർത്തിച്ചതാണു സംശയത്തിനു കാരണം. രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു ബിഎസ്എഫ് ജവാനും ഒരു നാട്ടുകാരനും പാക് ഷെല്ലിംഗിൽ കൊല്ലപ്പെട്ടു.