ടെൽ അവീവ്: ഗാസയിലെ ആശുപത്രികളിൽ കണ്ടെത്തിയ തുരങ്കങ്ങളുടെയും ആയുധങ്ങളുടെയും വീഡിയോ, ഫോട്ടോ ദൃശ്യങ്ങൾ ഇസ്രേലി സേന സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. അൽഷിഫ ആശുപത്രിസമുച്ചയത്തിൽ ഹമാസ് തീവ്രവാദികളുടെ തുരങ്കം കണ്ടെത്തിയെന്നു സേന അവകാശപ്പെട്ടു.
തുരങ്കത്തിലേക്കുള്ള പ്രവേശനകവാടം വീഡിയോയിൽ കാണാം. കുട്ടികളുടെ ആശുപത്രിയായ അൽ റാന്റിസിനുള്ളിൽ കണ്ടെത്തിയ തുരങ്കത്തിന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. മറ്റൊരാശുപത്രിയായ അൽ ഖുദ്സിൽ കണ്ടെത്തിയ ആയുധങ്ങളുടെയും സ്ഫോടകവസ്തുക്കളുടെയും ചിത്രങ്ങളും പുറത്തുവിട്ടു.
ആശുപത്രികളുടെ കീഴിലാണു ഹമാസ് ഭീകരകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഇസ്രയേൽ പറയുന്നു. യുഎസ് ഇന്റലിജൻസ് വൃത്തങ്ങളും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. കഴിഞ്ഞദിവസം അൽ ഷിഫ ആശുപത്രിക്കുള്ളിൽനിന്നു കണ്ടെത്തിയ എകെ 47 തോക്കുകളുടെ ചിത്രങ്ങൾ ഇസ്രേലി സേന പുറത്തുവിട്ടിരുന്നു.
ഇതിനിടെ, ഹമാസ് ഭീകരർ അൽഷിഫ ആശുപത്രിക്കുള്ളിൽ ബന്ദികളെ സൂക്ഷിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഇസ്രേലി സേന ആശുപത്രിയിൽ പ്രവേശിച്ചതെന്നും ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
അതേസമയം, അൽ ഷിഫയിൽ വെള്ളവും ഓക്സിജനും ഇല്ലെന്നും നൂറുകണക്കിനു രോഗികൾ ദാഹം മൂലം അലമുറയിടുകയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ചയാണ് ഇസ്രേലി സേന അൽ ഷിഫ നിയന്ത്രണത്തിലാക്കിയത്.