ഉത്തരകാശി: സിൽക്യാര തുരങ്കത്തിൽ കുടുങ്ങികിടക്കുന്ന 41 തൊഴിലാളികളിൽ നാലുപേരെ പുറത്തെത്തിച്ചു. ഇവർക്ക് ആവശ്യമായ പ്രാഥമിക ചികിത്സ നൽകും. തുടർന്ന് ഉത്തരകാശിയിൽ ടണലിനടുത്തുള്ള ചിന്യാലിസൗറിലെ ആശുപത്രിയിലേക്ക് മാറ്റും.
തുരക്കൽ പൂർത്തിയാക്കി ഉച്ചയോടെയാണ് ആംബുലൻസുകൾ തുരങ്കത്തിനകത്തേക്ക് കടത്തി വിട്ടത്. സ്ട്രെക്ചറുകളുമായി എസ്ഡിആർഎഫ് സംഘവും തുരങ്കത്തിനകത്തേക്ക് പ്രവേശിച്ചു. പത്തുപേരടങ്ങുന്ന സംഘമാണ് തുരങ്കത്തിനകത്തേക്ക് പോയത്.
ഇതിൽ നാലുപേർ പൈപ്പിനകത്തുകൂടി തൊഴിലാളികളുടെ അടുത്തേക്ക് പോകും. ശേഷം ബെൽറ്റിട്ട് തൊഴിലാളികളെ പുറത്തെത്തിക്കാനാണ് ദൗത്യസംഘം ശ്രമിക്കുന്നത്.
പുറത്തെത്തിക്കുന്ന തൊഴിലാളികൾക്കായി 41 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ഉത്തരകാശിയിൽ ടണലിനടുത്തുള്ള ചിന്യാലിസൗറിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്. 17 ദിവസത്തിന് ശേഷമാണ് ഇവർ പുറത്തെത്തുന്നത്.
ഓഗര്‍ ഡ്രില്ലിന്റെ പ്രവര്‍ത്തനം നിലച്ചതോടെയാണ് തിങ്കളാഴ്ച രാത്രിമുതൽ മാനുവല്‍ ഡ്രില്ലിംഗ് ആരംഭിച്ചത്.
പൈപ്പിൽ കുടുങ്ങിയിരുന്ന ഓഗർ യന്ത്രത്തിന്റെ ഭാഗങ്ങൾ പൂർണമായും നീക്കിയാണ് തുരക്കൽ തുടങ്ങിയത്.