ശ്രീനഗർ: ഹിമാലയം തുരന്നു നിര്‍മിച്ച രാജ്യത്തെ ഏറ്റവും നീളംകൂടിയ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു രാജ്യത്തിനു സമർപ്പിക്കും. 9.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കപാത ഉധംപൂര്‍ ജില്ലയിലെ ചെനാനിയില്‍ ആരംഭിച്ചു റംബാന്‍ ജില്ലയിലെ നഷ്റിയില്‍ അവസാനിക്കും. ജമ്മുവില്‍നിന്നു ശ്രീനഗറിലേക്കുള്ള ദേശീയ പാത 44ല്‍ 3,720 കോടി രൂപ ചെലവിലാണു തുരങ്കപാത നിർമിച്ചത്. 2011 മേയിലാണ് തുരങ്കപാത യുടെ നിര്‍മാണം ആരംഭിച്ചത്.
തുരങ്കപാത യാഥാർഥ്യമാകുന്നതോടെ ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള ദൂരത്തിൽ 30.11 കിലോമീറ്റര്‍ ലാഭിക്കാനാകും. ഇത് ദിവസേന 27 ലക്ഷം രൂപയുടെ ഇന്ധനലാഭമുണ്ടാക്കുമെന്നും കണക്കാക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ തുരങ്കപാത നോര്‍വയിലാണ്. 24.51 കിലോമീറ്ററാണ് നോർവയിൽ തുരങ്കത്തിലൂടെ സഞ്ചരിക്കേണ്ടത്.
ഒട്ടേറെ സവിശേഷതകളോടെയാണ് തുരങ്കം നിര്‍മിച്ചിട്ടുള്ളത്. തുരങ്കത്തിനുള്ളിലെ വേഗ നിയന്ത്രണം മണിക്കൂറില്‍ 50 കിലോമീറ്റർ ആണ്. കൂടാതെ ഡിം മോഡിൽ വാഹനങ്ങളുടെ ഹെഡ്ലൈറ്റ് പ്രകാശിപ്പിക്കണം. തുരങ്കത്തിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ പുറത്തുനിന്നു നിയന്ത്രിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. തുരങ്കത്തിനുള്ളിലെ വാഹനഗതി, വായു സഞ്ചാരം തുടങ്ങിയവയെല്ലാം ഇങ്ങനെ നിയന്ത്രിക്കാം. അടിയന്തര ഘട്ടങ്ങളില്‍ വാഹനങ്ങളില്‍നിന്നു യാത്രക്കാരെ ഒഴിപ്പിച്ചു പുറത്തെത്തിക്കാനുള്ള സംവിധാനവുമുണ്ട്.
തുരങ്കത്തിനുള്ളില്‍ ഓരോ എട്ടു മീറ്ററിനുമിടയില്‍ ശുദ്ധവായു കടക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം വെന്റിലേഷന് സംവിധാനമുള്ള രാജ്യത്തെ ആദ്യത്തെയും ലോകത്തെ ആറാമത്തെയും തുരങ്കമാണിത്. നിരീക്ഷണത്തിനായി 124 കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ജനാലകള്‍ പോലെയുള്ള സംവിധാനം, നിരീക്ഷണ വീഡിയോ കാമറകള്‍, വൈദ്യുതി സംവിധാനങ്ങള്‍, എസ് ഒ എസ് കോള്‍ ബോക്സ് (സുരക്ഷാ സംവിധാനം), സ്വയം പ്രവര്‍ത്തിക്കുന്ന അഗ്നിശമന സംവിധാനങ്ങള്‍, എഫ് എം സിഗ്നല്‍ റിപ്പീറ്റര്‍ തുടങ്ങി അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച കാര്യങ്ങളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്.
കാഷ്മീർ സന്ദർശനം: പ്രധാനമന്ത്രിയുടെ സുരക്ഷകൂട്ടി
ജമ്മു: ജമ്മു കാഷ്മീരിൽ രാജ്യത്തെ ഏറ്റവും വലിയ തുരങ്കപാതയുടെ ഉദ്ഘാടനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷ വർധിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന സൈനിക നടപടിയിൽ മൂന്നു യുവാക്കൾ മരിച്ചതിനെത്തുടർന്നുണ്ടായ സർഘർഷങ ്ങളുടെ പശ്ചാത്തലത്തിലാണു പ്രധാനമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്.
പൊതുറാലിയിലും സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിക്കായി ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളിൽ ഡിജിപി എസ്. പി. വൈദ് പൂർണ തൃപ്തി രേഖപ്പെടുത്തി.