ചീമേനി: ചപ്പാത്തി-ബിരിയാണി നിര്‍മാണ യൂണിറ്റുകള്‍, ഇരുചക്രവാഹന വര്‍ക്ക് ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍, വിവിധ ഫാമുകള്‍, പെട്രോള്‍ പമ്പ്, ചെങ്കല്‍ ഖനനം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനത്തിലേക്ക് ആളെ ആവശ്യമുണ്ട്.
ഒഴിവുകളുടെ എണ്ണം നൂറ്റമ്പതോളം. സ്ഥാപനം ദുബായിലാണോ ബംഗളൂരുവിലോ മുംബൈയിലോ ആണോ എന്നാണ് ആദ്യം അന്വേഷിക്കുന്നതെങ്കില്‍ അവിടെയൊന്നുമല്ല, ഇങ്ങ് ചീമേനിയിലാണ്.
അടിസ്ഥാനയോഗ്യതകളും തൊഴില്പരിചയവുമുണ്ടെങ്കിലും അവിടെ ചുമ്മാതങ്ങ് കേറിച്ചെല്ലാനും കഴിയില്ല.
ആദ്യം ഒന്നോ അതിലേറെയോ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുകയും കുറച്ചുനാള്‍ ശിക്ഷ അനുഭവിച്ചു കഴിയുമ്പോള്‍ വലിയ കുഴപ്പക്കാരനല്ലെന്ന് ജയില്‍ അധികൃതരുടെ സാക്ഷ്യപത്രം നേടുകയും ചെയ്യണം.
സ്ഥാപനം ഏതാണെന്ന് മനസ്സിലായിക്കാണുമല്ലോ. ചീമേനിയിലെ തുറന്ന ജയിലാണ്.
ഇരുനൂറോളം തടവുകാരെക്കൊണ്ട് തുറന്ന ജയില്‍ നിറഞ്ഞുനിന്നിരുന്ന കാലത്താണ് മേല്പറഞ്ഞ സംരംഭങ്ങളെല്ലാം തുടങ്ങിയത്.
അന്ന് തടവുകാരുടെ അധ്വാനശേഷിയെ ചൂഷണം ചെയ്തിട്ടാണെങ്കിലും എല്ലാം ഒന്നിനൊന്ന് ലാഭത്തിലുമായിരുന്നു.
ജയില്‍വളപ്പിലെ പാറപ്രദേശത്തുനിന്നും തടവുകാര്‍ വെട്ടിയെടുത്ത ചെങ്കല്ലുകള്‍ കൊണ്ട് അവര്‍ തന്നെയാണ് തുറന്ന ജയിലിന്റെ ഒരു ഭാഗത്ത് മനോഹരമായ മതിലൊരുക്കിയത്.
വര്‍ക്ക് ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍, പെട്രോള്‍ പമ്പ് തുടങ്ങിയവയിലെല്ലാം ജോലിചെയ്തിരുന്നത് തടവുകാരായിരുന്നു.
ചപ്പാത്തിയുടെയും ബിരിയാണിയുടെയും വില്പനയില് നിന്നുള്ള ലാഭംകൊണ്ട് ജയില്‍വളപ്പില്‍ തന്നെ ഒരു കഫ്റ്റേരിയയും തുടങ്ങിയിരുന്നു. അതില്‍ ജോലിചെയ്തിരുന്നതും തടവുകാര്‍ തന്നെയായിരുന്നു.
ജയില്‍വകുപ്പിന് നല്ല ലാഭമുണ്ടാക്കിക്കൊടുത്തുകൊണ്ട് എല്ലാ സംരംഭങ്ങളും മുന്നോട്ടുപോകുമ്പോഴാണ് പെട്ടെന്ന് കോവിഡ് കാലം വന്നത്.
ജയിലുകളില്‍ കോവിഡ് പടരുന്നത് ഒഴിവാക്കാന്‍ പരമാവധി തടവുകാര്‍ക്ക് പരോള്‍ അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് തന്നെ വന്നു.
വലിയ കുഴപ്പക്കാരല്ലെന്ന സര്‍ട്ടിഫിക്കറ്റുള്ളതുകൊണ്ട് തുറന്ന ജയിലിലെ ഏതാണ്ടെല്ലാ തടവുകാര്‍ക്കും പരോള്‍ കിട്ടി.
അതോടെ കഫ്റ്റേരിയയ്ക്കും ബ്യൂട്ടി പാര്‍ലറിനും വര്‍ക്ക് ഷോപ്പിനുമെല്ലാം താഴ് വീണു. കല്ലുവെട്ട്, മതില് നിര്‍മാണ ജോലികളും നിര്‍ത്തി.
ചപ്പാത്തി-ബിരിയാണി നിര്‍മാണ യൂണിറ്റുകളും അടച്ചുപൂട്ടി. ബാക്കിയുള്ള വളരെ ചുരുക്കം തടവുകാരെ ഉപയോഗിച്ച് പെട്രോള്‍ പമ്പും വിവിധ ഫാമുകളും കൃഷിപ്പണികളും മാത്രമാണ് ഇപ്പോള്‍ നടന്നുപോകുന്നത്.
ഇപ്പോള്‍ തുറന്ന ജയിലില്‍ ആകെയുള്ളത് 22 തടവുകാരാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും 21 പേരെ കൂടി കൊണ്ടുവന്നിട്ടാണ് പെട്രോള്‍ പമ്പും കൃഷിപ്പണികളും ഫാമുകളും നടത്തിക്കൊണ്ടുപോകുന്നത്.
അവര്‍ക്ക് നിശ്ചിത കാലാവധി കഴിഞ്ഞാല്‍ തിരിച്ചുപോകേണ്ടിവരും. ഹൈക്കോടതി വിധിയുടെ ആനുകൂല്യമുള്ളതിനാല്‍ പരോളില്‍ പോയവരാരും തിരിച്ചുവന്നിട്ടില്ല.
തുറന്ന ജയിലാണെങ്കിലും സംഗതി ജയില്‍ തന്നെയാണല്ലോ. വേറെ വല്ല വഴിയുമുണ്ടെങ്കില്‍ ജയിലിലേക്ക് ആരും സ്വമേധയാ തിരിച്ചുവരില്ലല്ലോ.
ഇവിടെ പഠിച്ചെടുത്ത തൊഴില്‍ പുറത്ത് നല്ല സ്വാതന്ത്ര്യത്തോടെ ചെയ്താല്‍ തന്നെ ഇവിടുത്തേതിനേക്കാള്‍ കാശും കിട്ടും.
വലിയ ആവേശത്തോടെ തുടങ്ങിയ സംരംഭങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട് നശിക്കാതിരിക്കാന്‍ പുതിയ തടവുകാരെ തേടി നടക്കുകയാണ് ഇപ്പോള്‍ ജയില്‍വകുപ്പ്.
പരോളില്‍ പോയവര്‍ തിരിച്ചുവരുന്നതുവരെയെങ്കിലും മറ്റു ജയിലുകളില്‍ നിന്നും വിചാരണത്തടവുകാര്‍ ഉള്‍പ്പെടെയുള്ളവരെ ഇവിടെയെത്തിക്കുന്ന കാര്യവും ആലോചനയിലുണ്ട്.