തുറവൂർ: അരൂരിലെ ഉദ്ഘടന മാമാങ്കങ്ങൾ നിയമസഭാ ഉപതെരഞ്ഞെടുപ്പു ലക്ഷ്യമാക്കിയെന്ന് ആക്ഷേപം. കോടിക്കണക്കിന് രൂപയുടെ പദ്ധതികൾക്കാണ് അരൂർ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം തുടക്കം കുറിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും സാന്നിധ്യത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ പത്തിലധികം പുതിയ പദ്ധതികൾക്കാണ് തറക്കല്ലിട്ടത്. ഇതിൽ ഏറ്റവും പ്രമുഖമായത് പെരുന്പളം ദ്വീപുമായി ബന്ധിപ്പിക്കുന്ന പെരുന്പളം പാലത്തിന്റെ തറക്കല്ലിടലാണ്.
കൂടാതെ പള്ളിത്തോട് ഭാഗത്തെ വാക്കേപ്പാലത്തിന്റെ ശിലാസ്ഥാപനം, മൂന്നാമത്തെ തറക്കല്ലിടൽ നടത്തിയ ചേർത്തല വിളക്കുമരം പാലം, തൈക്കാട്ടുശേരി അമിനിറ്റി സെന്ററിന്റെ ശിലാസ്ഥാപനം, പാലിയേറ്റീവ് കെയറിന്റെ വിശപ്പ് രഹിതം പരിപാടിയുടെ ഉത്ഘാടനം, എരമല്ലൂർ കെഎസ്്ഇബിയുടെ സബ് സ്റ്റേഷൻ ഉദ്ഘാടനം, തുറവൂർ താലൂക്ക് ആശുപത്രിയുടെ ദന്ത യൂണീറ്റ് ഉദ്ഘാടനം, തുറവൂർ താലൂക്ക് ആശുപത്രിയുടെ ബഹുനിലക്കെട്ടിടത്തിന്റെ രണ്ടാം ശിലാസ്ഥാപനം തുടങ്ങി വലിയ പദ്ധതികളുടേയും ഒരു ഡസനിലധികം ചെറുകിട പദ്ധതികളുടേയും ഉദ്ഘാടനം നടന്നു കഴിഞ്ഞു.