തുറവൂർ: അശാസ്ത്രിയവും മാനദണ്ഡങ്ങൾക്ക് വിരുദ്ധമായതുമായ റോഡുനിർമാണം ജനങ്ങളെ ദുരിതത്തിലാക്കുന്നു. ഗ്രാവലിനു പകരം പൂഴി റോഡുനിർമാണത്തിന് ഉപയോഗിക്കുന്നതാണ് ദുരിതത്തിനു കാരണം. തുറവൂർ പഞ്ചായത്തിന്റെ കീഴിലുള്ള ഒട്ടുമിക്ക ഗ്രാമീണ റോഡുകളും ഇത്തരത്തിൽ നിർമിച്ചിരിക്കുന്നതുമൂലം കാൽനടയാത്രക്കാർക്കു പോലും സഞ്ചരിക്കുവാൻ സാധിക്കാത്ത വിധത്തിലാണ്.
കരാറിൽ ഗ്രാവൽ മാത്രമേ റോഡു നിർമാണത്തിനും മറ്റും ഉപയോഗിക്കുവാൻ പാടുള്ള എന്ന് വ്യക്തമായ നിർദ്ദേശമുള്ളപ്പോഴാണ് കരാറുകാർ ഈ തട്ടിപ്പ് നടത്തുന്നത്. ഒട്ടുമിക്ക ഗ്രാമീണ റോഡുകളുടേയും അറ്റകുറ്റപ്പണികളും, മെറ്റലിങ്ങും ടാറിങ്ങും നടന്നുകൊണ്ടിരിക്കുകയാണ്. ഈ റോഡുകളിൽ പൂഴി വിരിച്ച ശേഷം മഴ പെയ്തതോടെയാണ് റോഡു മുഴുവൻ ചെളിക്കുണ്ടായി മാറിയിരിക്കുന്നത്.
സ്കൂൾ കുട്ടികളും മറ്റും ഈ ചെളി റോഡിൽ വീണ് അപകടങ്ങൾ ഉണ്ടാകുന്നത് നിത്യസംഭവമായിരിക്കുകയാണ്. കരാറിൽ നിർദേശിച്ച പ്രകാരം നിർമാണ പ്രവർത്തനം നടത്താത്ത കരാറുകാരുടെ ബില്ലുകൾ തടഞ്ഞുവയ്ക്കണമെന്നും, ഇവരെ പൂർണമായി കരാർ പണിയിൽ നിന്ന് ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഗ്രാമീണ റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ കൃത്യമായി പരിശോധിക്കുവാൻ അധികൃതർ തയാറാകണമെന്ന ആവശ്യവുമുയരുന്നുണ്ട്.