കൊച്ചി: എഴുത്തുകാരനും ഭാഷാപണ്ഡിതനുമായ പ്രഫ. തുറവൂർ വിശ്വംഭരൻ(74) അന്തരിച്ചു. അർബുദ രോഗ ബാധയെത്തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
സംസ്കാരം ഇന്നു വൈകിട്ട് കൊച്ചി അയ്യപ്പൻകാവിൽ തിലക് റോഡിലുള്ള അദ്ദേഹത്തിന്റെ ഭവനത്തിൽ നടക്കും. തൃപ്പൂണിത്തുറയിലെ മകളുടെ വീട്ടിൽ താമസിച്ചുവരികെ രോഗം മൂർച്ഛിച്ചതിനെത്തുടർന്നു രണ്ടു ദിവസം മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
1943 സെപ്തംബർ അഞ്ചിന് ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തുറവൂരിൽ പ്രമുഖ ആയുർവേദ – സംസ്കൃത പണ്ഡിതനായ കെ. പത്മനാഭന്റെയും കെ. മാധവിയുടെയും മകനായി ജനിച്ച അദ്ദേഹം ഇതിഹാസങ്ങളുടെ വ്യാഖ്യാനങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. തുറവൂർ ടിഡിഎച്ച്എസ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. വിവിധ ഗവ. കോളജുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം മഹാരാജാസ് കോളജിൽ അധ്യാപകനായും പിന്നീട് പ്രിൻസിപ്പലുമായി സേവനം അനുഷ്ഠിച്ചിരുന്നു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായിരുന്ന അദ്ദേഹം തപസ്യയുടെ മുൻ അധ്യക്ഷനുംകൂടിയായിരുന്നു. 2013ലെ അമൃതകീർത്തി സംസ്ഥാനതല പുരസ്കാരം ഉൾപ്പെടെ നിരവധി പരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. രാവിലെ 10.30 മുതൽ 12.30 വരെ ടൗണ്‍ ഹാളിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കുന്നതിനായി നൂറുകണക്കിനുപേരാണ് എത്തിച്ചേർന്നത്. ഭാര്യ: കാഞ്ചന. മക്കർ: സുമ, മഞ്ജു.