കോഴിക്കോട്: തുര്‍ക്കിയിലെ നിരോധിത കറന്‍സിയായ ലിറ പിടികൂടിയ സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. 58 കോടി മൂല്യമുണ്ടായിരുന്ന നിരോധിച്ച ലിറ കറന്‍സി വിദേശത്തേക്ക് കൈമാറാനായി കൊണ്ടുവന്ന കൊണ്ടോട്ടി സ്വദേശി മുഹമ്മദ് റിയാസിനെയാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് സംഘം വീണ്ടും ചോദ്യം ചെയ്യുന്നത്.
അനധികൃത നോട്ട് കച്ചവടത്തിനായാണ് കറന്‍സി കൊണ്ടുവന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. റിയാസ് ആര്‍ക്കാണ് പണം നല്‍കുന്നതും എവിടെ നിന്നാണ് വാങ്ങിയതെന്നതുമടക്കം ചോദ്യം ചെയ്യുന്നതിലൂടെ കണ്ടെത്താനാവും.
നിരോധിത കറന്‍സികള്‍ ഇന്ത്യവഴി ദുബായിലേക്കു കടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്നാണ് സൂചന. ദുബായിലേക്ക് പോവുന്ന യാത്രക്കാരന് കൈമാറാനാണ് കറന്‍സി കരിപ്പൂരിലെത്തിച്ചത്. ലിറയുടെ അഞ്ച് ലക്ഷത്തിന്റെ 100 നോട്ടുകളായിരുന്നു റിയാസിന്റെ കൈവശമുണ്ടായിരുന്നത്. ലിറയ്ക്ക് 11.60 രൂപയാണ് ഇന്ത്യയിലെ മൂല്യം. 2006ല്‍ നിരോധിച്ച തുര്‍ക്കി ലിറാ കറന്‍സികള്‍ വിനിമയം നടത്തി തട്ടിപ്പ് നടത്തുന്ന സംഘം ഇന്ത്യയില്‍ പലയിടത്തും വ്യാപകമാണ് .
ദുബായിലെ ഒരു കേന്ദ്രത്തില്‍ ഈ കറന്‍സി മാറ്റി നല്‍കുന്നുണ്ടെന്ന് വിശ്വസിപ്പിച്ചാണ് റിയാസ് വില്പന നടത്തുന്നതെന്നുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മലപ്പുറം ഡന്‍സാഫ്(ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ്) നല്കി രഹസ്യ വിവരത്തെ അടിസ്ഥാനമാക്കി കസ്റ്റംസ് പ്രിവന്റീവ് ഹെഡ് ക്വാര്‍ട്ടേഴ്സും കോഴിക്കോട് ഡിവിഷന് യൂണിറ്റും ചേര്‍ന്നാണ് കരിപ്പൂരില്‍ നിന്ന് ഇന്നലെ കറന്‍സി പിടിച്ചത്.
അസി. കമ്മീഷണര്‍ പി.ജി. ലാലുവിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സൂപ്രണ്ടുമാരായ എം. പ്രവീണ്‍ , ടി.എസ്. ബാലകൃഷ്ണന് , വി.വിവേക് ഇന്‍സ്പെക്ടര്‍മാരായ കെ.കെ. പ്രവീണ്‍കുമാര്‍ , മുഹമ്മദ് ഫൈസല്‍ , സന്തോഷ് ജോണ്‍ എന്നിവരുമുണ്ടായിരുന്നു.