വി. മനോജ്
മലപ്പുറം: വിവിധ രാജ്യങ്ങൾ നിരോധിച്ച കറൻസികൾ കേരളത്തിലേക്കു കടത്തിക്കൊണ്ടുവന്നു തട്ടിപ്പു നടത്തുന്ന പുത്തൻ രീതികൾ സംസ്ഥാനത്തു വ്യാപകമാകുന്നു. നിരോധിത ഇന്ത്യൻ കറൻസിയുടെ വ്യാജ ഇടപാടുകൾ നടത്തുന്നതിനോടൊപ്പമാണ് വിദേശ കറൻസികളെയും തട്ടിപ്പിനായി ഉപയോഗപ്പെടുത്തുന്നത്. കേന്ദ്ര സർക്കാർ നോട്ടു നിരോധനം കൊണ്ടു വന്നതിനു ശേഷം സജീവമായ ഈ തട്ടിപ്പിന് ഇപ്പോൾ നിരോധിക്കപ്പെട്ട വിദേശ കറൻസികളിലേക്കും പടർന്നിരിക്കുകയാണ്.
കഴിഞ്ഞദിവസം നിലന്പൂരിൽ പോലീസ് പിടിച്ചെടുത്ത തുർക്കിയിലെ നിരോധിച്ച നോട്ടുകൾ കേരളത്തിലെത്തിയതും ഈ തട്ടിപ്പിന്റെ ഭാഗമായാണെന്ന് കരുതുന്നു. നിരോധിച്ച നോട്ടുകൾ ഇപ്പോഴും കൈവശം വച്ചിട്ടുള്ളവരെയും ഇത്തരം ഇടപാടുകളിലൂടെ പണമുണ്ടാക്കാമെന്ന് വ്യാമോഹിക്കുന്നരെയും തന്ത്രപരമായി കബളിപ്പിച്ച് പണം തട്ടുന്ന വൻ സംഘം സംസ്ഥാനത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. നിരോധിച്ച ഇന്ത്യൻ നോട്ടുകളുടെ ഇടപാടുകൾ കുറെ മാസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു വരുന്നുണ്ട്.
കോടിക്കണക്കിന് രൂപ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. നിരോധിച്ച നോട്ടുകൾ രാജ്യത്തെ ഒരു ധനകാര്യ സ്ഥാപനങ്ങളിലും സ്വീകരിക്കുന്നില്ലെന്നിരിക്കെ ഈ നോട്ടുകൾ ക്രയവിക്രയം ചെയ്യപ്പെടുന്നത് സംബന്ധിച്ച് ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്. ചെന്നൈയിലുള്ള ഏജന്റുമാർ മുഖേന പഴയ നോട്ടുകൾ മാറ്റികൊടുക്കുന്നുണ്ടെന്നാണ് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ പ്രചരിപ്പിക്കുന്നത്. എന്നാൽ മിക്ക ഇടപാടുകളിലും പണം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.
മുംബൈ, ബംഗളുരൂ, ചെന്നൈ എന്നി വൻനഗരങ്ങൾക്ക് നോട്ടു ഇടപാടിൽ വലിയ സ്ഥാനമുള്ളതായും പോലീസ് സംശയിക്കുന്നു. പഴയ നോട്ടുകൾ കൈവശമുള്ളവരെ സമീപിച്ച് അവ മാറി നൽകാമെന്ന് വാഗ്്ദാനം ചെയ്യുകയാണ് സംഘം ചെയ്യുന്നത്. ഒരു ലക്ഷം രൂപയ്ക്ക് 30000 രൂപ നിരക്കിൽ പഴയ നോട്ടുകൾ മാറ്റി നൽകാമെന്നാണ് വാഗ്്ദാനം.
എന്നാൽ ഈ തുക മുൻകൂറായി നൽകാറില്ല. പഴയ നോട്ടുകൾ ശേഖരിച്ച ശേഷം ഇത് കാണിച്ച് മറ്റുള്ളവരിൽ നിന്നു പണം തട്ടുകയാണ് രീതി. പഴയ നോട്ടുകൾ കുറഞ്ഞ നിരക്കിൽ കിട്ടാനുണ്ടെന്നും അവ വാങ്ങി കൂടിയ വിലക്ക് വിൽക്കാനാകുമെന്നും പറഞ്ഞാണ് പലരെയും കബളിപ്പിക്കുന്നത്. നിരോധിച്ച നോട്ടുകൾ കൈമാറാനാകില്ലെന്നറിഞ്ഞിട്ടും ലാഭക്കൊതി മൂത്തു ഈ റാക്കറ്റിന്റെ കെണിയിൽ വീണു നോട്ടുകൾ പണം നൽകി വാങ്ങുന്നവരുമുണ്ട്.
എന്നാൽ നിരോധിച്ച നോട്ടുകൾ പിന്നീട് വിൽക്കാൻ കഴിയാതെ വരികയും ഇവരുടെ പണം നഷ്ടപ്പെടുകയും ചെയ്യും. ഏജന്റുമാർ പിന്നീട് മുങ്ങുകയും ചെയ്യും. നിയമവിധേയമല്ലാത്ത ഇടപാടായതിനാൽ കബളിപ്പിക്കപ്പെട്ടവർ വിവരം പുറത്തു പറയുകയോ പോലീസിൽ പരാതിപ്പെടുകയോ ചെയ്യാറില്ല. ഇതു ഇത്തരം തട്ടിപ്പുകൾ വ്യാപകമാൻ ഇടയാക്കുന്നു. പഴയ നോട്ടുകൾ പിടിച്ചെടുക്കുന്നതിനു പോലീസും ഇതേ രീതി അവലംബിക്കുന്നുണ്ട്.
നോട്ടുകൾ സൂക്ഷിച്ചിട്ടുള്ളവരെ രഹസ്യ ഏജന്റുമാരെ അയച്ചു കച്ചവടമുറപ്പിച്ച് നോട്ടുകൾ പുറത്തിറക്കുന്ന രീതിയാണ് ചിലയിടങ്ങളിൽ പോലീസ് സ്വീകരിക്കുന്നത്. പണം കടത്തികൊണ്ടു പോകുന്പോൾ വഴിയിൽ വച്ച് പോലീസിന്റെ പിടിയിലാവുകയും ചെയ്യും. നിലന്പൂരിൽ പിടിയിലായ തുർക്കി നോട്ടുകളും കേരളത്തിൽ നിരോധിത നോട്ടുകൾ ഉപയോഗിച്ചുള്ള തട്ടിപ്പിനായി എത്തിച്ചതാണെന്നാണ് കരുതുന്നത്.
തുർക്കി നോട്ടുകൾ നിരോധിച്ചതാണെന്നറിയാതെ ഇടപാടുകൾ നടത്താൻ തയാറുള്ളവരെ കൂടി ലക്ഷ്യമിട്ടാണ് ഇവ എത്തിച്ചതെന്നും കരുതുന്നു. കേരളത്തിൽ കഴിഞ്ഞ ഒരു വർഷത്തിലേറെയായി നിരോധിത നോട്ടുകളുടെ കൈമാറ്റം നടക്കുന്നുണ്ട്. കോടിക്കണക്കിനു രൂപ കൈമാറ്റം ചെയ്തതിലൂടെ കബളിപ്പിക്കപ്പെട്ടു പലർക്കും ലക്ഷങ്ങൾ നഷ്ടം വന്നിട്ടുണ്ട്. സാന്പത്തിക മേഖലയിൽ നടക്കുന്ന പുതിയ തരം തട്ടിപ്പായാണ് പോലീസ് ഇതിനെ നോക്കി കാണുന്നത്.
കഴിഞ്ഞദിവസം നിലന്പൂർ വെളിയന്തോട് വച്ച് നോട്ടുകളുമായി ഇടപാട് നടത്താൻ ഗൂഡല്ലൂരിലേക്കു കടക്കുന്നതിനിടയിലാണ് അഞ്ചു പേർ പിടിയിലായത്. നോട്ടുകളെല്ലാം തുടർച്ചയായ സീരിയലിലുള്ളതാണ്. കേസ് സ്ബന്ധിച്ചുള്ള വിവരങ്ങൾ പോലീസ് സാന്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനു കൈമാറിയിട്ടുണ്ട്.