കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച അൾട്രാ സൗണ്ട് സ്കാനിംഗ് മെഷീൻ പ്രവർത്തിപ്പിക്കാൻ ആളില്ലാതെ തുരുന്പെടുത്ത് നശിക്കുന്നു. ഒന്നരവർഷം മുന്‍പാണു രോഗികൾക്ക് ആശ്വാസമായി സ്കാനിംഗ് മെഷീൻ ആശുപത്രിയിൽ സ്ഥാപിച്ചത്. തുടക്കത്തിൽ മെഷീൻ പ്രവർത്തിപ്പിച്ചെങ്കിലും ടെക്നീഷ്യൻ ജോലി മാറിപ്പോയതോടെ സ്കാനിംഗ് പ്രവർത്തനം അവതാളത്തിലായി.
പകരം ആളെ നിയമിക്കാൻ തയാറാകാത്തതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്കു കാരണം. സ്കാനിംഗ് നിർത്തിവച്ച് മുറി അടച്ചുപൂട്ടിയ നിലയിലാണ്. പാവപ്പെട്ട രോഗികളെയാണ് ഇതു കാര്യമായി ബാധിച്ചത്. മൂത്രാശയ തടസങ്ങൾ സംബന്ധിച്ച രോഗങ്ങൾ നിർണയിക്കുന്നതിനും ഗർഭിണികളിൽ കുഞ്ഞിന്റെ ചലനങ്ങളും വളർച്ചയും മനസിലാക്കുന്നതിനുമാണ് അൾട്രാ സൗണ്ട് സ്കാനിംഗ് പ്രധാനമായും ഉപയോഗിക്കുന്നത്.
ഇത് അടച്ചുപൂട്ടിയതോടെ സ്കാൻ ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ജില്ലാ ആശുപത്രിയിൽ 100 രൂപ ചാർജ് ഈടാക്കിയാണ് സ്കാൻ ചെയ്തു നൽകിയിരുന്നത്. എന്നാൽ പുറത്തുള്ള സ്വകാര്യ സ്ഥാപനങ്ങൾ 450 രൂപവരെയാണ് ചാർജ് ഈടാക്കുന്നത്. അടിയന്തരമായി ടെക്നീഷ്യനെ നിയമിച്ച് അൾട്ര സൗണ്ട് സ്കാനിംഗിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ നൽകിയിട്ടുണ്ട്.