തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെകമ്മീഷനിംഗ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തന്നെ ക്ഷണിച്ചിട്ടില്ല. കിട്ടിയത് സാധാ കത്ത് മാത്രമാണ്. വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ്. അഴിമതി ആരോപണങ്ങൾ പറഞ്ഞ് തടസവാദങ്ങൾ പറഞ്ഞ സിപിഎം നേതാക്കൾ പണി പൂർത്തിയായപ്പോൾ അതിന്റെ ഫോട്ടോയെടുത്ത് ക്രഡിറ്റെടുക്കാൻ നോക്കുകയാണ്.
പദ്ധതി കൊണ്ട് വന്ന ആളുകളെ മറക്കുന്നു. എട്ടുകാലി മമ്മൂഞ്ഞാകുകയാണ് സിപിഎമ്മും മുഖ്യമന്ത്രിയുമെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. രാവിലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിംഗിനായി മേയ് രണ്ടിനു പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ക്ഷണമില്ലാത്തതു വിവാദമായതിനു പിന്നാലെ പ്രതിപക്ഷനേതാവിനെ ക്ഷണിച്ചുവെന്ന് വരുത്തുക മാത്രമാണ് സർക്കാർ ചെയ്തതെന്നും അപമാനിക്കാനുള്ള സർക്കാരിന്റെ നീക്കത്തിന് നിന്നുകൊടുക്കേണ്ടതില്ലെന്നും കോൺഗ്രസ വ്യക്തമാക്കിയിരുന്നു.
വി.ഡി. സതീശനെ ക്ഷണിക്കാത്തത് സര്ക്കാര് വാര്ഷികം പ്രതിപക്ഷം ബഹിഷ്കരിക്കുന്നതിനാലാണ് എന്നായിരുന്നു സർക്കാരിന്റെ നിലപാട്. സംഭവം വിവാദമായപ്പോൾ ഇന്നലെ മന്ത്രി വി.എൻ. വാസവന്റെ ഓഫിസിൽ നിന്നു പ്രതിപക്ഷ നേതാവിന് കത്ത് എത്തി.വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് പ്രധാനമന്ത്രി മേയ് രണ്ടിന് നടക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ? അങ്ങയുടെ മഹനീയ സാന്നിധ്യം ചടങ്ങിനുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു എന്ന് മാത്രമായിരുന്നു കത്തിൽ.
തുടർന്ന് വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ചടങ്ങിന്റെ സ്റ്റേജിലാണോ വേദിയിലാണോ പ്രതിപക്ഷ നേതാവിന്റെ സ്ഥാനമെന്നു വ്യക്തമായ ശേഷം ചടങ്ങിൽ വി.ഡി. സതീശൻ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുകയുള്ളുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചത്.