നെടുമ്പാശേരി: തുരുത്തിപ്പുറം സഹകരണ ബാങ്കിൽ അഴിമതിയും ക്രമക്കേടും സംബന്ധിച്ച് നടക്കുന്ന അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി സഹകാരി സംഗമം. സിപിഎം പുത്തൻവേലിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംഗമം സംഘടിപ്പിച്ചത്.
അന്വേഷണം പൂർത്തിയാകുന്നതുവരെ പ്രസിഡന്റും സെക്രട്ടറിയും സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. സിപിഎം നെടുമ്പാശേരി ഏരിയാ സെക്രട്ടറി ഇ.പി. സെബാസ്റ്റ്യൻ സംഗമം ഉദ്ഘാടനം ചെയ്തു. കെ.ജെ. ആന്റണി അധ്യക്ഷനായിരുന്നു.
കെ.എസ്. രാജേന്ദ്രൻ, എം.എം. കരുണാകരൻ, പി.ഒ. ജോസഫ് എന്നിവർ പ്രസംഗിച്ചു.ബാങ്കിൽ നടക്കുന്ന ക്രമക്കേട് സംബന്ധിച്ച് പി.ഒ. ജോസഫ് എന്ന സഹകാരി നൽകിയ പരാതിയെത്തുടർന്ന് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടുകൾ ഗൗരവമുള്ളതാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറു(ജനറൽ)ടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചത്.
അന്വേഷണ ഉത്തരവ് ഇറങ്ങിയശേഷവും പ്രസിഡന്റും, സെക്രട്ടറിയും രാത്രികളിൽ ബാങ്കിൽ തങ്ങി രേഖകളിൽ കൃത്രിമം കാണിക്കാൻ നീക്കംനടത്തിയെന്നാണ് ആരോപണം. പ്രമുഖ കോൺഗ്രസ് നേതാവും പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റുമായ പി.വി. ലാജു പ്രസിഡന്റായ ഭരണ സമിതിയാണ് ബാങ്ക് ഭരിക്കുന്നത്.