പാപ്പിനിശേരി: മൂന്നാമത്തെ ദേശീയപാത അലൈൻമെന്റിലൂടെ തുരുത്തി കോളനി പാടെ തുടച്ചു മാറ്റപ്പെടുന്നതിനെതിരെ ആരംഭിച്ച കുടിൽ കെട്ടി സമരം 146 ദിവസം പിന്നിട്ടു. സമരസമതിയുടെ നേതൃത്വത്തിൽ ഇതിനകം നൂറിൽ പരം വ്യത്യസ്ഥങ്ങളായ സമരമുറകളും നടത്തി. വേളാപുരം, കോട്ടകത്ത്, അത്താഴക്കുന്ന് പ്രദേശങ്ങളിലെ സമരസമിതികളും കൂടി ചേർന്ന് സംയുക്തമായിട്ടാണ് നിരാഹാര പരിപാടികൾ നടത്തിവന്നത്.
കോടതി സ്റ്റേ നിലനില്ക്കുമ്പോൾ ധൃതിപ്പെട്ട് മൂന്ന് ഡി നോട്ടിഫിക്കേഷൻ നടത്തിയത് നിയമ സംവിധാനത്തിനോട് കാണിക്കുന്ന കടുത്ത വഞ്ചനയായിട്ടാണ് സമരസമിതി നേതാവായ നിഷിൽ കുമാർ ആരോപിച്ചത്. ദേശീയ പാതയുടെ മൂന്നാമത്തെ അലൈൻമെന്റ് തുരുത്തി പ്രദേശത്തു നിന്നും മാറ്റി സ്ഥാപിക്കാതെ പ്രദേശവാസികളാരും തന്നെ സമരത്തിൽ നിന്നും പിന്തിരിയാൻ തയാറല്ലെന്ന നിലപാടിലാണ്.
ഒന്നുകിൽ സർക്കാർ വിജയിക്കും, അല്ലെങ്കില്‍ ഞങ്ങൾ മരിക്കും എന്നാണ് സമരസമിതി നേതാക്കളും പ്രദേശവാസികളും ഒറ്റക്കെട്ടായി പറയുന്നത്. തുരുത്തി കടിൽ കെട്ടി നടത്തി വരുന്ന സമരപന്തലിൽ ചേർന്ന യോഗത്തിൽ കൺവീനർ നിക്ഷിൽ അമാർ, പ്രസിഡന്റ് കെ.സിന്ധു, നേതാക്കളായ മുട്ടം പുരുഷു, കെ.രമേശൻ. മധു മാടൻ, എ.ലീല , കെ.പുഷ്പൻ, നിമ വേലായുധൻ, കെ.സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.