ചങ്ങനാശേരി: തുരുത്തിയിൽ അഭിഭാഷകന്റെ വീട് കുത്തിപ്പൊളിച്ച് പത്തു പവൻ സ്വർണാഭരണങ്ങളും വിവിധ രേഖകൾ അടങ്ങിയ ബാഗും വസ്ത്രങ്ങളും മോഷ്ടിച്ച കേസിൽ അന്വേഷണം ഉൗർജിതമാക്കി. തുരുത്തി പള്ളിക്കു സമീപം എംസി റോഡിനോടു ചേർന്നുള്ള കല്ലുകളം ജോസഫുകുട്ടിയുടെ വീട്ടിലാണ് ചൊവ്വാഴ്ച മോഷണം നടന്നത്.
ജോസഫുകുട്ടിയും ഭാര്യയും മകനും ചൊവ്വാഴ്ച രാവിലെ കാർമാർഗം എറണാകുളത്ത് പോയി മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം മനസിലായത്. വീടിന്റെ പ്രധാന വാതിൽ കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും ചെക്ക്ബുക്ക്, ആധാർ കാർഡ്, പാസ്ബുക്കുകൾ എന്നിവ അടങ്ങിയ ബാഗുമാണ് കവർച്ച ചെയ്തത്. മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന മകന്റെ പുതിയ ബാഗും മൂന്നു ഷർട്ടുകളും മോഷണം പോയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഈ വീടിനു സമീപത്ത് ഈര സ്വദേശി മോനിച്ചൻ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ ജനാല പൊളിച്ചു മോഷണശ്രമം നടന്നിരുന്നു. ഇവിടെ നിന്നും മോഷ്ടാവിന്റേതെന്നു സംശയിക്കുന്ന സൈക്കിളും ചെരിപ്പുകളും കണ്ടെത്തിയിരുന്നു. ഇവിടെ മോഷണത്തിനു ശ്രമിച്ച ആളാകാം അഭിഭാഷകന്റെ വീട്ടിൽ മോഷണം നടത്തിയതെന്ന നിഗമനമാണ് പോലീസിനുള്ളത്.
സൈക്കിളും ചെരിപ്പുകളും കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സമീപത്തെ സ്ഥാപനങ്ങളിൽനിന്ന് ലഭിച്ച സിസി ടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നു.ഡിവൈഎസ്പി എസ്. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.