സ്വന്തം ലേഖകന്‍
കോഴിക്കോട്: ഒരു തുരുത്ത് തന്നെ..ശരിക്കും പറഞ്ഞാല്‍ ഇതു നമ്മുടെ നാട്ടില്‍ തന്നെയാണോ എന്ന് തോന്നിപ്പോകും. ദുര്‍ഗന്ധംവമിക്കുന്ന തോടിനാല്‍ ചുറ്റപ്പെട്ടുകിടക്കുകയാണ് കാളൂര്‍ റോഡില്‍ കട്ടാങ്കണ്ടി അമ്പലത്തിനു സമീപത്തെ ഈ പ്രദേശം.
നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയായില്ല. കൗണ്‍സിലറോടും കോര്പറേഷന് അധികൃതരോടും നിരവധി തവണ അപേക്ഷിച്ചു. പക്ഷെ ആരും തിരിഞ്ഞുനോക്കുന്നില്ല.
ഓടയില്‍ നിന്ന് വരുന്ന ദുര്‍ഗന്ധം കാരണം മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയിലാണ് ഈ പ്രദേശത്തെ നൂറിലധികം വരുന്ന കുടുംബങ്ങള്‍ . ഒരു തുരുത്തുപോലെയുള്ള സ്ഥലത്ത് മാത്രം നാല് വീടുകളുണ്ട്.
പിറകില്‍ നിന്നും മുന്പില് നിന്നും രക്ഷയില്ല. ചളിക്കൂമ്പാരമാണ് തോട് നിറയെ. പിഞ്ചുകുട്ടികള്‍ വരെ എതു നിമിഷവും രോഗത്തിന്റെ പിടിയിലകപ്പെടാം.
കുപ്പികളും കവറുകളും അടിഞ്ഞുകൂടി ആരാഗ്യപ്രവര്ത്തകര്ക്കുപോലും വൃത്തിയാക്കാൻ കഴിയാത്ത അവസ്ഥയാണ്. ഈ ഭാഗത്തെ വീടുകളിലേക്കുള്ള ശുദ്ധജലവിതരണപൈപ്പുകള് കടന്നുപോകുന്നതും ഈ വഴിതന്നെ.
എന്തെങ്കിലും ലീക്കുണ്ടായാല്‍ മാരകരോഗങ്ങള്‍ക്ക് അടിമയാകും പ്രദേശവാസികള്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വര്‍ഷങ്ങളായി തോടിന് ആഴം കൂട്ടാത്തതും സ്ലാബിടാത്തതുമൂലം ഈ വീടുകളുടെ മുറ്റത്തിന്റെ അതേ നിരപ്പിൽ ചളി ഉയര്‍ന്നുനില്‍ക്കുകയാണ്.
കാളൂര്‍ റോഡില്‍ കട്ടാങ്കണ്ടി അമ്പലത്തിനു സമീപത്തൂടെ കല്ലായി പുഴയിലേക്കു നീളുന്ന തോടാണ് പ്ലാസ്റ്റിക് മാലിന്യവും ശുചിമുറി മാലിന്യവുമടക്കമുള്ളവ അടിഞ്ഞുകൂടി നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്.
കരിങ്കല്ലുകളിലെ വലിയപൊത്തുകളിലേക്ക് നോക്കാന്‍ പോലും പേടിയാകും. പെരുച്ചാഴി ഉള്‍പ്പെടെയുള്ള ജന്തുക്കളുടെ വിഹാരകേന്ദ്രമാണിവിടം.
കടുത്ത കൊതുകുശല്യമാണ് പ്രദേശത്തു മുഴുവനും. ദുര്‍ഗന്ധവും അസഹനീയമാണ്. തോട് വൃത്തിയാക്കുകയോ സ്ലാബുകളിട്ട് മൂടുകയോ വേണമെന്ന് പലതവണ കോര്പറേഷന് അധികൃതര്‍ക്കും ആരോഗ്യവകുപ്പിനുമടക്കം പരാതി നല്‍കിയെങ്കിലും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
തങ്ങള്‍ക്ക് പോലും ഈ തോടിലിറങ്ങി വൃത്തിയാക്കാന്‍ പേടിയാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു.അതേസമയം പരാതികള്‍ കുന്നുകൂടുമ്പോള്‍ എന്തെങ്കിലും ചെയ്തെന്ന് കാണിച്ച് ശാസ്ത്രീയമല്ലാത്ത രീതിയില്‍ ചെയ്യുന്ന പ്രവൃത്തികള്‍ നേരെ വിപരീതഫലമാണ് ഉണ്ടാക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
തോടിന് ആഴംകുട്ടി വീതികുറച്ച് സ്ളാബിട്ടാല് ഒരു പരിധിവരെ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് ഇവരുടെ പക്ഷം. എന്നാല്‍ വാഗ്ദാനങ്ങളല്ലാതെ ഒന്നും നടക്കാറില്ല.
കൈവരിപോലും ഇല്ലാത്തതിനാല്‍ കണ്ണുതെറ്റിയാല്‍ കൊച്ചുകുട്ടികള്‍ പോലും തോട്ടില്‍ വീണുപോകുന്ന അവസ്ഥയാണ്. ഇനിയും അവഗണന തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് പ്രദേശത്തുകാരുടെ തീരുമാനം.