ആലപ്പുഴ: ശബരിമല ഉൾപ്പെടെ കേരളത്തിലെ എല്ലാ മഹാക്ഷേത്രങ്ങളിലും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും, പൂജാവിധി പഠിച്ച അബ്രാഹ്മണർക്ക് പൂജ ചെയ്യാൻ അവസരം നൽകുന്ന ശ്രീകോവിൽ പ്രവേശന വിളംബരം നടത്തണമെന്ന് ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ശബരിമലയിലെ ശാന്തി നിയമനത്തിന് മലയാള ബ്രാഹ്മണരെ മാത്രം ക്ഷണിച്ചുള്ള പരസ്യം കേരളത്തിന് അപമാനകരമാണ്. എന്ത് നവോത്ഥാനമാണ് നാട്ടിൽ നടക്കുന്നതെന്ന് മനസിലാകുന്നില്ല.
സദാസമയവും പുരോഗമനവും നവോത്ഥാനവും പറയുന്നവർ കേരള ചിന്താഗതിയെയും സംസ്കാരത്തെയും അപമാനിക്കുകയാണ്.
ശബരിമലയിലെത്തുന്ന ഭൂരിപക്ഷം ഭക്തരും പിന്നാക്കക്കാരാണ്. ഭക്തരെ അവഗണിച്ച് ബ്രാഹ്മണ നിയമം ശബരിമലയിൽ നടത്തിയാൽ അയ്യപ്പൻ പൊറുക്കില്ല.
കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾ ഈ വിഷയത്തിൽ പുലർത്തുന്ന മൗനം സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ശബരിമലയിലെ ജാതിവിവേചനം അവസാനിപ്പിക്കാൻ ബി.ഡി.ജെ.എസ് സമരം ശക്തമാക്കും.
ചിങ്ങം ഒന്നിന്ന് പ്രതിഷേധ ദിനമായി ആചരിക്കുമെന്നും തുഷാർ പറഞ്ഞു.