കോഴിക്കോട്: സ്ഥാനാഥി ചര്‍ച്ചകളില്‍ തുഷാര്‍ വെള്ളാപള്ളിക്ക് അമിത പ്രധാന്യം നല്കുന്നതില് ബിജെപി സംസ്ഥാന നേതൃത്വത്തിന് അമര്‍ഷം. പത്തനംതിട്ടയില്‍ ഉള്‍പ്പെടെ വിവാദമായ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടും പ്രചാരണരംഗത്ത് മുന്നേറാന്‍ കഴിയാത്തതാണ് സ്ഥാനാര്‍ഥികളെ അസ്വസ്ഥരാക്കുന്നത്.
സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും രാഷ്ട്രീയമായി നേരിടേണ്ട അവസരത്തില്‍ തുഷാര്‍ മത്സരിക്കുമോ, രാഹുലിന് എതിരാളിയാകുമോ എന്ന രീതിയില്‍ വാര്‍ത്ത വരുന്ന ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ഗുണമാകില്ലെന്നാണ് വിലയിരുത്തല്‍.
തൃശൂര്പോലെരു സീറ്റ് തുഷാറിന് കൊടുത്തതുതന്നെ അദ്ദേഹം മത്സരിക്കാന്‍ വേണ്ടിയാണെന്നും ബിജെപിക്ക് തുഷാറിന്റെ സ്ഥാനാര്ഥിത്വത്തെകുറിച്ച് ആശങ്കയില്ലെന്നുമാണ് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ളയുടെ പ്രതികരണം. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ നൂലാമാലകള്‍ ഒഴിഞ്ഞിട്ടുവേണം ശബരിമല ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളുമായി സ്ഥാനാര്‍ഥികള്‍ക്ക് കളം നിറയാന്‍. ഓരോ ദിവസവും ഒരോ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നത് നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന വിവരമാണ് സംസ്ഥാനത്ത് ബിജെപിയുടെ ഉറക്കം കെടുത്തുന്നത്. രാഹുല്‍ മത്സരിച്ചാല്‍ കരുത്തനായ സ്ഥാനാര്‍ഥിയെ എന്‍ഡിഎ നിര്‍ത്തേണ്ടിവരും. അപ്പോള്‍ സീറ്റ് സമവാക്യങ്ങളും മാറിമറിയും.
എന്തായാലും രണ്ടുദിവസത്തിനകം ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കി ശക്തമായി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങാനാണ് ബിജെപി തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി ഇന്നലെ അറിയിച്ചത് നേതൃതത്തിന് ഏറെ ആശ്വാസം പകര്‍ന്നിട്ടുണ്ട്.
തൃശൂരോ വയനാടോ മത്സരിക്കും. തൃശൂരാണ് മത്സരിക്കാന്‍ സാധ്യത കൂടുതലെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി കഴിഞ്ഞു. ബാക്കിയെല്ലാം രാഹുലിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടുകിടക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ബിഡിജെഎസിനെ പിണക്കരുതെന്ന കര്‍ശന നിര്‍ദേശം സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.
അതേസമയം തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും സ്ഥാനാര്‍ഥികളുടെ പ്രചാരണം പുര്‍ണമായും ആര്‍എഎസ്എസ് ഏറ്റെടുത്തുകഴിഞ്ഞു. സംഘടനാസംവിധാനം മെച്ചപ്പെടുത്തി വോട്ടുകള്‍ പരമാവധി കീശയിലാക്കാന്‍ സംഘപരിവാര്‍ പദ്ധതികള്‍ തയാറായികഴിഞ്ഞു.
രണ്ടിടത്തും വ്യാപകമായി വോട്ടുകള്‍ മറിയ്ക്കാനുള്ള സാധ്യതയും ആര്‍എസ്എസ് കാണുന്നുണ്ട്. തീരുവനന്തപുരത്ത് ബിജെപിയെ ഏതുവിധേനയും തോല്പിക്കാനുള്ള ശ്രമങ്ങള്‍ രണ്ടുമുന്നണിയും ഏറ്റെടുത്തതായി ആര്‍എസ്എസ് കേന്ദ്രനേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍ അതിനെ മറികടന്ന് പ്രചാരണം നടത്താനായാല്‍ വിജയം ഉറപ്പാണെന്നും ഇവര്‍ കണക്കൂട്ടുന്നു. ആറ്റിങ്ങലില്‍ ശോഭാസുരേന്ദ്രനുവേണ്ടിയും ആര്‍എസ്എസ് സജീവമായി രംഗത്തുണ്ട്.