ജോണ്സണ് വേങ്ങത്തടം
കൊച്ചി: രാഹുൽതരംഗം ആഞ്ഞടിച്ചപ്പോൾ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ മങ്ങി പോയി. ഒരു ലക്ഷം വോട്ടു പോലും പിടിക്കാൻ കഴിയാതെ വെറും 78816 വോട്ടു മാത്രമാണ് ലഭിച്ചത്. 706367 വോട്ടാണ് രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും നേടിയത്. ഇതിൽ ഭൂരിപക്ഷമായി ലഭിച്ചത് 431770 വോട്ടാണ്. സംസ്ഥാന പ്രസിഡന്റ് മത്സരിച്ചിട്ടുപോലും ബിഡിജെഎസിനു കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
തൃശൂരിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്ന തുഷാർ വയനാട് ചോദിച്ചു വാങ്ങുകയായിരുന്നു. ബിജെപി അഖിലേന്ത്യനേതൃത്വം ആവശ്യപ്പെട്ടതു പ്രകാരമാണ് മത്സരിച്ചതെന്നാണ് തുഷാർ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ആലത്തൂരിലും മാവേലിക്കരയിലും നേടിയ വോട്ടുകൾ പോലും വാങ്ങാൻ തുഷാറിനു സാധിച്ചില്ല. ഇടുക്കിയിലെ ബിഡിജെഎസ് സ്ഥാനാർഥി വാങ്ങിയവോട്ടിനടുത്താണ് തുഷാറും വാങ്ങിയിരിക്കുന്നത്. വെറും 168 വോട്ട് മാത്രമാണ ഇടുക്കിയിലെ ബിഡിജഐസ് സ്ഥാനാർഥിയെക്കാൾ കൂടുതലുള്ളത്.
മാവേലിക്കരയിൽ ഒരു ലക്ഷത്തിലധികം വോട്ടു നേടിയിട്ടുണ്ട്. ആലത്തൂരിൽ രമ്യ ഹരിദാസിന്റെ തരംഗത്തിലും 89,000 വോട്ടു ലഭിച്ചിട്ടുണ്ട്. ഇവിടെ ബിഡിജെഎസിന്റെ നിലനിൽപ് ചോദ്യം ചെയ്യപ്പെടുകയാണ്. പാർട്ടിയുടെ അവസ്ഥ പരമ ദയനീയമായി പോയിരിക്കുന്നു. കഴിഞ്ഞ പ്രാവശ്യം ബിജെപി സ്ഥാനാർഥി നേടിയ വോട്ടു പോലും നേടാൻ തുഷാറിനു സാധിച്ചില്ല.
ബിജെപിയെ പലപ്പോഴും വെല്ലുവിളിച്ചും സമർദത്തിലാക്കിയും മുന്നേറിയ തുഷാറിനു ഇനി വിലപേശൽ നടത്താൻ സാധിക്കാത്ത സാഹചര്യമാണ്. ബിജപിക്കുള്ളിലും പ്രശ്നമായതു കൊണ്ടു പെട്ടെന്നു ബിഡിജഐസിനെ തഴയില്ലെന്നാണ് പാർട്ടിവിശ്വസിക്കുന്നത്.തെരഞ്ഞെടുപ്പിനു മുന്പ് അമിത് ഷാ മാത്രമല്ല മോദി പറഞ്ഞാലും സ്ഥാനാർഥിയാകരുതെന്നാണ് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശൻ മകനായ തുഷാറിനെ ഉപദേശിച്ചത്.
മത്സരിച്ചാൽ പടിക്കുപുറത്തായിരിക്കുമെന്നു പറഞ്ഞിരുന്നു. പിന്നീട്, തുഷാറിനെ അംഗീകരിച്ചു മത്സരിപ്പിച്ചു. എന്നാൽ, വോട്ടിംഗ് ദിനത്തിൽ മാധ്യമപ്രവർത്തകരോട് രാഹുൽ ജയിക്കും തുഷാർ തോൽക്കുമെന്നാണ് വെള്ളാപ്പിള്ളി പറഞ്ഞത്. വെള്ളാപ്പിള്ളി നടേശൻ എൽഡിഎഫിന്റെ കൂടെയും മകൻ ബിജെപിക്കൊപ്പവും നിന്നുള്ള രാഷ്ട്രീയ കരുനീക്കമാണ് നടത്തിവരുന്നത്. എന്നിട്ടും രണ്ടു കൂട്ടരും കേരളത്തിൽ പരാജയപ്പെട്ടതോടെ ബിഡിജെസിന്റെ ഭാവി തുലാസിലാണ്.