തൃശൂർ: ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളിയെ പ്രവാസിയും തൃശൂർ മതിലകം സ്വദേശിയുമായ നാസിൽ അബ്ദുള്ള ചെക്ക് കേസിൽ കുടുക്കിയത് ആസൂത്രിതമായ പദ്ധതിയിലൂടെയാണോ എന്നതിനെക്കുറിച്ച് കേരളത്തിലും പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം നാസിലിന്റേതെന്ന് പറയപ്പെടുന്ന വാട്ട്സ്ആപ്പ് ശബ്ദസന്ദേശങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് ഈ സന്ദേശങ്ങളെക്കുറിച്ച് കേരള പോലീസും സൈബർ സെല്ലും അന്വേഷണത്തിന് തയാറായത്. നാട്ടിലെ ഒരു സുഹൃത്തുമായി നാസിൽ നടത്തിയതെന്ന് കരുതുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്.
തുഷാറിനെ കുടുക്കാൻ നാസിൽ ആസൂത്രണം ചെയ്യുന്ന രീതിയിലാണ് ശബ്ദ സന്ദേശങ്ങൾ. ഇത് നാസിലിന്റെ ശബ്ദം തന്നെയാണോ എന്നതും മറുഭാഗത്തെ സുഹൃത്താരാണ് എന്നതും പോലീസ് പരിശോധിക്കും. വിദേശത്തെ അന്വേഷണ ഏജൻസികളും ഇത് സംബന്ധിച്ച് പരിശോധന നടത്തും. തുഷാർ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാൻ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനിൽ നിന്ന് നാസിൽ അബ്ദുല്ല പണം നൽകി സംഘടിപ്പിച്ചതാണെന്ന് സൂചിപ്പിക്കുന്ന ശബ്ദ സന്ദേശങ്ങളാണ് പുറത്തുവന്നത്.
അഞ്ച് ലക്ഷം രൂപ നൽകിയാണ് ഈ ചെക്ക് നാസിൽ അബ്ദുള്ള സംഘടിപ്പിച്ചതെന്ന് ശബ്ദ സന്ദേശങ്ങളിൽ പറയുന്നു. അജ്മാൻ പോലീസിന്റെ സഹായത്തോടെയാണ് നാസിൽ തുഷാറിനെ ഗൾഫിൽ വെച്ച് കുടുക്കിയത്. കോടതിയിൽ വൻതുക കെട്ടിവെച്ച് പുറത്തിറങ്ങിയ തുഷാറിന് പക്ഷേ ഗൾഫിൽ നിന്ന് കേരളത്തിലേക്ക് വരാൻ കഴിഞ്ഞിട്ടില്ല. മധ്യസ്ഥ ചർച്ചകളും ഫലം കണ്ടിട്ടില്ല.
ഒത്തുതീർപ്പിന് നാസിൽ മുന്നോട്ടുവെച്ച തുകയുടെ കാര്യത്തിൽ തീരുമാനമാകാത്തതിനെ തുടർന്ന് കാര്യങ്ങൾ നീണ്ടുപോവുകയായിരുന്നു. യുഎഇ പൗരന്റെ ആൾജാമ്യത്തിൽ തുഷാർ നാട്ടിലെത്താൻ ശ്രമിച്ചെങ്കിലും അതും ഫലവത്തായില്ല. അതിനിടെയാണ് നാസിലിന്റേതെന്ന പേരിൽ ശബ്ദസന്ദേശം കേസിൽ പുതിയ വഴിത്തിരിവുണ്ടാക്കുന്നത്. വാട്സാപ്പിലെ ശബ്ദസന്ദേശം നാസിലിന്റേതാണെന്ന് തെളിഞ്ഞാൽ തുഷാറിന് അത് ഗുണം ചെയ്യും.
നാട്ടിലെ ഒരു സുഹൃത്തുമായുള്ള നാസിലിന്റെ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. തുക എഴുതാത്ത ബ്ലാങ്ക് ചെക്ക് സംഘടിപ്പിക്കാൻ അഞ്ച് ലക്ഷം രൂപ വേണമെന്നും കേസ് കഴിഞ്ഞ് കിട്ടുന്ന തുക പാതി വീതം പങ്കുവെക്കാമെന്നും നാസിൽ സുഹൃത്തിന് ഉറപ്പ് നൽകുന്നുണ്ട്. അഞ്ച് ലക്ഷം രൂപ നൽകിയാൽ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് തന്റെ കയ്യിൽ കിട്ടുമെന്ന് നാസിൽ കൃത്യമായി പറയുന്നുണ്ട്.
തുഷാർ അടുത്ത ദിവസം തന്നെ ദുബായിലെത്തുന്നുണ്ടെന്നും അപ്പോൾ തന്നെ കുടുക്കണമെന്നുമാണ് നാസിൽ പറയുന്നത്. പെട്ടെന്ന് തന്നെ അവർ ഒത്തുതീർപ്പിന് വരുമെന്നും ചുരുങ്ങിയത് ആറ് ദശലക്ഷം ദിർഹമെങ്കിലും ഒത്തുതീർപ്പ് ചർച്ചയിലൂടെ കിട്ടുമെന്നുമാണ് പണം സംഘടിപ്പിച്ച് തരാൻ ആവശ്യപ്പെടുന്ന സന്ദേശത്തിൽ നാസിൽ പ്രതീക്ഷ പങ്കുവെക്കുന്നത്. ദുബായിയിൽ കേസ് കൊടുത്താൽ ശരിയാവില്ലെന്നും ഷാർജയിൽ കേസ് കൊടുക്കാമെന്നും നാസിൽ പറയുന്നുണ്ട്.