തൃശൂർ: ചോദ്യങ്ങൾ ചോദിക്കുന്നവരെ അടിച്ചമർത്തുന്നതാണു സമകാലിക ഇന്ത്യയുടെ അവസ്ഥയെന്ന് എഴുത്തുകാരനും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ തുഷാർ ഗാന്ധി. രാജീവ് ഗാന്ധി പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ടൗണ്‍ഹാളിൽ സംഘടിപ്പിച്ച ഇംപാക്ട് ദേശീയ വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചോദ്യങ്ങളാണു ജനാധിപത്യത്തെ ശക്തിപ്പെടുത്തുക. എന്നാൽ നിയമസഭകളിലും പാർലമെന്റിലും കാതലായ ചോദ്യങ്ങൾ ഉയരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയിൽ വിദ്യാഭ്യാസമേഖലയിലും ജനാധിപത്യം തീരെയില്ല. എന്തു പഠിപ്പിക്കണമെന്ന് അധ്യാപകർക്കും എന്തുപഠിക്കണമെന്ന് വിദ്യാർഥികൾക്കും സ്വാതന്ത്ര്യമില്ലാത്തതാണ് ഇവിടത്തെ രീതി. ചോദ്യങ്ങൾ ചോദിക്കാനല്ല കേട്ടിരിക്കാൻ മാത്രമാണു പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെയർമാൻ ജോസ് വള്ളൂർ അധ്യക്ഷനായി. ജീവിതവും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ വി.ടി. ബൽറാം എംഎൽഎ പ്രഭാഷണം നടത്തി. മുൻ എംഎൽഎ തേറന്പിൽ രാമകൃഷ്ണൻ, ബിജോയ് ദേവസി, ടി. ഗോപാലകൃഷ്ണൻ, സുഷീർ ഗോപാൽ, അജിത് രാജ, ടി.എസ്. സജീവൻ എന്നിവർ പ്രസംഗിച്ചു.