മട്ടന്നൂർ: ഗാന്ധിജിയുടെ ദർശനങ്ങൾ സ്വീകരിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് പുതുതലമുറയാണ്. അവർ സ്വീകരിച്ചാലും ഇല്ലെങ്കിലും ഗാന്ധിയൻ ആദർശങ്ങൾ നിലനിൽക്കുമെന്ന് ഗാന്ധിജിയുടെ പൗത്രപുത്രൻ തുഷാർ ഗാന്ധി.
മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച ഗാന്ധിജിയുടെ പ്രതിമ അനാവരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജി പുതുതായി എന്തെങ്കിലും കണ്ടുപിടിച്ച് ലോകത്തിന് മുന്നിൽ അവതരിപ്പിച്ച ആളല്ല. ഭാരത സംസ്കൃതിയോളം പഴക്കമുള്ള സത്യവും അഹിംസയുമാണ് അദ്ദേഹം പ്രചരിപ്പിച്ചതെന്നും തുഷാർ ഗാന്ധി പറഞ്ഞു.
ഗാന്ധിജിയെ പൊതുസമൂഹം വിസ്മരിച്ചതായി കരുതുന്നില്ല. രാഷ്ട്രീയക്കാരാണ് ഗാന്ധിജിയെ ചൂഷണം ചെയ്യുകയും ഇപ്പോൾ മറക്കുകയും ചെയ്തത്.
സത്യസന്ധതയും വിശ്വാസ്യതയുമാണ് ഗാന്ധിജി മുന്നോട്ടുവച്ച മൂല്യങ്ങളിൽ തന്നെ സ്വാധീനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജനതയുടെ സന്തോഷത്തിനായി പ്രത്യേക മന്ത്രാലയമുള്ള ഭൂട്ടാനാണ് ഗാന്ധിജിയുടെ ദർശനങ്ങൾ ഏറ്റവും നന്നായി നടപ്പാക്കിയ രാജ്യമെന്ന് തനിക്ക് തോന്നിയിട്ടുണ്ട്.
ഗാന്ധിജിക്ക് ലഭിക്കാത്തതിനാൽ നോബൽ സമ്മാനത്തിന്റെ പ്രസക്തിയാണ് കുറഞ്ഞത്. എല്ലാവരിലും ഗാന്ധിയും ഗോഡ്സെയും ഉണ്ടെന്നും ഗാന്ധിയുടെ വഴി തെരഞ്ഞെടുക്കാനാണ് നാം ശ്രമിക്കേണ്ടതെന്നും തുഷാർ ഗാന്ധി പറഞ്ഞു.
ഗാന്ധിസദസ് കെ.കെ. ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ അനിത വേണു അധ്യക്ഷത വഹിച്ചു. മുംബൈ മണിഭവൻ ഗാന്ധി മ്യൂസിയം സെക്രട്ടറി സജീവ് പി. രാജൻ അനുസ്മരണ പ്രഭാഷണം നടത്തി.
നഗരസഭ കൗൺസിലർപി.എൻ. സത്യേന്ദ്രനാഥ്, മാനേജർ കെ.ടി. ശിവദാസ്, പിടിഎ പ്രസിഡന്റ് ചന്ദ്രൻ തില്ലങ്കേരി, പ്രിൻസിപ്പൽ എൻ.സി. ശശിധരൻ, മുഖ്യധ്യാപിക കെ.കെ. ലീന, കൃഷ്ണകുമാർ കണ്ണോത്ത്, എം.കെ. ഇസ്മായിൽ ഹാജി, ഇ.വി. വിനോദ് കുമാർ, പി.വി. ദിനേശൻ, കെ. ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്നു വിദ്യാർഥികളുമായി തുഷാർ ഗാന്ധി സംവാദം നടത്തി. പ്രതിമ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഗാന്ധിലയം എന്ന പേരിൽ സ്കൂളിൽ വിവിധ പരിപാടികൾ നടത്തിവരികയാണ്. മേയ് ആദ്യവാരം സ്വാതന്ത്ര്യ സമര സേനാനികളെയും സൈനികരെയും ആദരിക്കൽ, പൊതു ശുചീകരണം എന്നിവ സംഘടിപ്പിക്കും.