എടമുട്ടം(തൃശൂർ): പത്മാവതി സിനിമയ്ക്കും ദീപിക പദുക്കോണിനുമെതിരെ ഇത്രയേറെ ചിലർ രോഷാകുലരാകുന്നത് എന്തിനാണെന്നു മഹാത്മഗാന്ധിയുടെ ചെറുമകൻ തുഷാർഗാന്ധി. അഞ്ചുകോടി രൂപയാണ് ഈ സിനിമയ്ക്കെതിരെ ഇവർ ഇനാം പ്രഖ്യാപിച്ചത്. ശിശുമരണനിരക്ക് വർധിക്കുകയും, പട്ടിണിയും പോഷകാഹാരവുമില്ലാതെ കുട്ടികളൾപ്പെടെയുള്ളവർ മരിക്കുകയും ചെയ്യുന്ന ഇന്ത്യയിലാണ് ഇതെന്നതു ലജ്ജാവഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എടമുട്ടം ശ്രീനാരായണ ഹാളിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് കഴിന്പ്രം ഡിവിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച “ഗാന്ധിജിയിലേക്കു മടങ്ങാം’ പദ്ധതി പഠനക്യാന്പും സംവാദവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിനിമ ഷൂട്ട് ചെയ്യുന്നതുപോലെ ചരിത്രം റീഷൂട്ട് ചെയ്യാനാവില്ലെന്ന്, മഹാത്മഗാന്ധി വധം വീണ്ടും അന്വേഷിക്കണമെന്ന ആവശ്യത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയതിനെ പരാമർശിച്ച് തുഷാർ ഗാന്ധി പറഞ്ഞു. ബാപ്പുജിയുടെ മരണശേഷം രാജ്യമെന്പാടും ഇതിനെ ന്യായീകരിച്ച് ഇക്കൂട്ടർ അസത്യങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരുന്നു. ഇപ്പോൾ അവർ ചെയ്യുന്നതു ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമമാണ്.
ദേശീയ പതാക നമ്മുടെ കൈയിൽനിന്നു വിട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ജാതി, രാഷ്ട്രീയം, സമൂഹം, മതം, സമുദായം എന്നിവയുടെ പേരിൽ രാജ്യം വിഭജിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അധികാരം, പണം എന്നിവയോടു രാഷ്ട്രീയക്കാർക്കുള്ള ഭ്രമം കാരണം സ്വാതന്ത്ര്യത്തിനുശേഷം നമ്മൾ വിഭജിപ്പിക്കപ്പെട്ടിരിക്കുന്നു. ഇവർ നമ്മെ തമ്മിലടിപ്പിക്കുന്നു. ബ്രിട്ടീഷുകാരേക്കൊണ്ട് നമ്മെ വിഭജിപ്പിക്കാൻ സാധിച്ചില്ല.
ജനാധിപത്യം പേരിൽ മാത്രമേയുള്ളൂ. നമ്മൾ അത് അനുഭവിക്കുന്നില്ല. ചോദ്യം ചോദിച്ചാൽ നമ്മളെ ദേശീയ വിരുദ്ധരാക്കുന്നു -തുഷാർ ഗാന്ധി തുറന്നടിച്ചു.
അധികാരത്തോടും പണത്തോടും ഭ്രമമുള്ള മന്ത്രിമാരാണ് വിദ്യാർഥികളുടെ വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്നത്. അതിനാൽ വിദ്യാഭ്യാസ സന്പ്രദായം മോശമാകുന്നു. ഇതു കണ്ടും കേട്ടും വളർന്നാൽ നല്ല ജനാധിപത്യത്തെ വിദ്യാർഥികൾക്കു കാണാനാവില്ല: തുഷാർ ഗാന്ധി പറഞ്ഞു.
കെ. പരമേശ്വര ശർമ്മയെ തുഷാർഗാന്ധി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.ജെ. യദുകൃഷ്ണ അധ്യക്ഷനായിരുന്നു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിനു, കെ. ദിലീപ്കുമാർ, ടി.യു. ഉദയൻ, ജെയിംസ് പോൾ വളപ്പില, ഉണ്ണികൃഷ്ണൻ തൈപ്പറന്പത്ത്, ബ്ലോക്ക് പഞ്ചായത്തംഗം ഷൈൻ നാട്ടിക, സി.പി. ബാലൻ, കെ.എം. മോഹനൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. പ്രവീഷ് ഐനിക്കാട്ടിൽ സ്വാഗതം പറഞ്ഞു.