മലപ്പുറം: വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്ക് നേരെ വണ്ടൂരിൽ വച്ച് രണ്ടു തവണ ആക്രമണം. ഇന്നലെ വൈകിട്ട് അഞ്ചിനും രാത്രി ഏഴരയ്ക്കുമായാണ് ആക്രമണമുണ്ടായത്. ആദ്യ ആക്രമണത്തിൽ തുഷാർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചില്ലുകൾ തകർന്നുവെന്നും രണ്ടാമത് മാരകായുധങ്ങളുമായി നടന്ന ആക്രമണത്തിൽ 15 പ്രവർത്തകർക്ക് പരിക്കേറ്റതായും പ്രവർത്തകർ പറഞ്ഞു.
തുഷാറിനു പരിക്കൊന്നുമില്ല. വൈകിട്ട് അഞ്ചോടെ കാളികാവ് കല്ലാമൂലയിലായിരുന്നു ആദ്യ ആക്രമണം. സ്ഥാനാർഥിയുടെ വാഹന വ്യൂഹം കടന്നുപോകുന്നതിനിടെയാണ് സംഘർഷം. സ്ഥലത്ത് യുഡിഎഫിന്റെ സമ്മേളനം നടക്കുന്നുണ്ടായിരുന്നു. ഇവിടെ തടിച്ചുകൂടിയവരാണ് സംഘർഷമുണ്ടാക്കിയതെന്നു തുഷാറിനൊപ്പമുണ്ടായിരുന്ന ബിഡിജഐസ് പ്രവർത്തകർ ആരോപിച്ചു. വൈകിട്ട് ഏഴരയോടെ വണ്ടൂർ നടുവത്ത് പൂങ്ങോട് വച്ചായിരുന്നു രണ്ടാമത്തെ ആക്രമണം.
കയറ്റം കയറുന്നതിനിടെ ഒരു സംഘം ആളുകൾ മാരകായുധങ്ങളുമായി വാഹനവ്യൂഹത്തിനു മുന്നിലേക്ക് ചാടി വീഴുകയായിരുന്നു. തുഷാറിന്റെ വാഹനത്തിനു മുന്നിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന പ്രവർത്തകർക്കു നേരെയാണ് ഇവർ ആക്രമണം അഴിച്ചുവിട്ടത്.
ഈ ആക്രമണത്തിനു പിന്നിലാരാണെന്ന് വ്യക്തമല്ല. ആക്രമണത്തിൽ പരിക്കേറ്റ 15ഓളം പ്രവർത്തകരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യത്തെ ആക്രമണം യാദൃച്ഛികമായി ഉണ്ടായതാണെങ്കിൽ രണ്ടാമത്തേത് ആസൂത്രിതമായിരുന്നുവെന്നു ബിഡിജഐസ് പ്രവർത്തകർ ആരോപിക്കുന്നു. സംഭവങ്ങളിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരേ കാളികാവ് പോലീസ് കേസെടുത്തു.