മൂന്നാർ: സർക്കാർ ഭൂമികൾ സംരക്ഷിക്കുന്നതിന് സംസ്ഥാനവ്യാപകമായി ബിഡിജഐസിന്റെ നേതൃത്വത്തിൽ സമരം ആരംഭിക്കുമെന്ന് ബിഡിജഐസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. ഇടതുസർക്കാർ മൂന്നാറിലെ ഭൂമി സംരക്ഷിക്കുവാൻ തയറാകാത്ത സാഹചര്യത്തിലാണ് സമരം ആരംഭിക്കുന്നത്.
ജില്ലാതലത്തിൽ സർക്കാർ ഭൂമികൾ സംരക്ഷിക്കുന്നതിനായി സമരങ്ങൾ സംഘടിപ്പിക്കും. മൂന്നാറിലെ കൈയേറ്റങ്ങൾ നിസാരമായി തള്ളിക്കളയാൻ കഴിയില്ല. മൂന്നാറിൽ രാഷ്ട്രീയ നേതാക്കൾ കൈയടക്കിവച്ചിരിക്കുന്ന ഭൂമികൾ പിടിച്ചെടുത്ത് തൊഴിലാളികൾക്ക് 10 സെന്റ് വീതം നൽകണമെന്നും തുഷാർ ആവശ്യപ്പെട്ടു. മൂന്നാറിൽ ബിഡിജെഎസിന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു തുഷാർ.
എൻഡിഎയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഒന്നുമില്ലെന്നും ഭൂസമരങ്ങൾ എൻഡിഎയുമായി ചേർന്നാണ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പഴയ മൂന്നാറിൽനിന്നും പ്രകടനമായാണ് പ്രവർത്തകർ പോസ്റ്റോഫീസ് കവലയിലെത്തിയത്. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ടി.ബി. ബാബു, സുഭാഷ് വാസു, വൈസ്പ്രസിഡന്റ് സഹദേവൻ, ട്രഷറർ എ.ജി. തങ്കപ്പൻ, ജില്ലാ പ്രസിഡന്റ് പ്രവീൻ എന്നിവർ പങ്കെടുത്തു.