കോഴിക്കോട്: സഖ്യകക്ഷിയായ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളപ്പള്ളി തൃശൂരില്‍ മത്സരിക്കുമോ എന്നതിലെ അവ്യക്തതയാണ് പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതിനു പിന്നിലെന്ന് സൂചന. നിലവില്‍ തൃശൂരില്‍ മത്സരിക്കുമെന്നാണ് തുഷാര്‍ ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചിരിക്കുന്നതെങ്കിലും അവസാനനിമിഷം പിതാവ് വെള്ളാപ്പള്ളി നടേശന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഈ നീക്കം ഉപേക്ഷിക്കുമോ എന്നതാണ് ബിജെപി നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുന്നത്.
ബിജെപി പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലമാണ് തൃശൂര്‍. ഇവിടെ തുഷാര്‍ മത്സരിക്കുകയാണെങ്കില്‍ മാത്രമേ സീറ്റ് ബിഡിജെഎസിന് നല്‍കിയതിന്റെ ആനുകൂല്യം ബിജെപിക്ക് ലഭിക്കുകയുള്ളു. അവസാനനിമിഷം തുഷാര്‍ പിന്മാറിയാല് ഇവിടെ ബിജെപി ജനറല്‍ സെക്രട്ടറി സുരേന്ദ്രനെ മത്സരിപ്പിക്കും.
അതേസമയം തൃശൂരിൽ തുഷാര്‍ മത്സരിക്കുകയാണെങ്കില്‍ പത്തനംതിട്ടയിലായിരിക്കും സുരേന്ദ്രന് മത്സരിക്കുക. തുഷാര്‍ മാറിയാല്‍ തൃശൂരോ, പത്തനംതിട്ടയോ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ളയ്ക്ക് നല്‍കും.
നിലവിലെ സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന് എന്ന പേരുമാത്രമാണ് കേന്ദ്ര നേതൃത്വത്തിനു മുന്നിലുള്ളത്. കേന്ദ്ര നിര്‍ദേശപ്രകാരമാണ് സുരേന്ദ്രന് മഞ്ചേശ്വരത്തെ കേസ് പിന്‍വലിച്ചത്. എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിഞ്ഞശേഷം മാത്രമേ തുഷാര്‍ മല്‍സരിക്കാന്‍ പാടുള്ളുവെന്നാണ് എസ്എന്‍ഡിപിയുടെ ആവശ്യം. ഇതാണ് തുഷാറിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്. എന്തായാലും തുഷാര്‍ മത്സരരംഗത്തുണ്ടാകുമെന്നുതന്നെയാണ് ലഭിക്കുന്ന സൂചനകള്‍ .
അതേസമയം പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിപ്രഖ്യാപനം നീളുന്നതില്‍ കടുത്ത ആശങ്കയിലാണ് ബിജെപി നേതൃത്വം. എന്താണ് കാരണമെന്ന് അറിയില്ലെന്ന് പറഞ്ഞാണ് സംസ്ഥാന പ്രസിഡന്റ് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയത്. വടകരയില്‍ കെ.മുരളീധരന്റെ മാസ് എന്ട്രിപോലെ പത്തനംതിട്ടയിലും സംഭവിക്കുമോ എന്നാണ് ബിജെപി പ്രവര്‍ത്തകരുടെ ചോദ്യം. അവസാന ലാപ്പില്‍ തന്നെ ഒഴിവാക്കിയതില്‍ ദേശീയനേതൃത്വത്തെ ശ്രീധരന്‍പിള്ള അതൃപ്തി അറിയിച്ചിരുന്നു.
പിള്ളയുടെ പരാതി വന്ന സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ചയുണ്ടാകുമോ, സുരേന്ദ്രനെ മാറ്റുമോ, അതോ രണ്ടgപേര്‍ക്കുമപ്പുറം മറ്റാരെങ്കിലും വരുമോ തുടങ്ങി പലതരം അഭ്യൂഹങ്ങള്‍ ഈ സാഹചര്യത്തില്‍ ഉയരുന്നുമുണ്ട്.
എന്നാല്‍ അവസാനം തീരുമാനിച്ചതിനാല്‍ നടപടിക്രമം തീരാനുള്ള സ്വാഭാവിക താമസമാണെന്നും സുരേന്ദ്രനെ വൈകാതെ പ്രഖ്യാപിക്കുമെന്നും പാര്‍ട്ടിയിലെ നേതാക്കള്‍ വിശദീകരിക്കുന്നുണ്ട്.
അതേസമയം സ്ഥിരം മത്സരാര്‍ഥികളായ എം.ടി.രമേശ്, പി.കെ.കൃഷ്ണദാസ്, വി.മുരളീധരന് (നിലവില്‍ രാജ്യസഭാ എംപിയാണ്), ശ്രീധരന് പിള്ള എന്നിവരെ ഒഴിവാക്കിയും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കെ.പി. പ്രകാശ് ബാബു ഉള്‍പ്പെടെയുള്ള നേതാക്കളെ ഉള്‍പ്പെടുത്തികൊണ്ടും പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടിക പ്രവര്‍ത്തകര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരമാണ് ഉയര്‍ത്തിയത്.
ഇരുമുന്നണികളെയും എതിരിടാന്‍ ഇതുമതിയോ എന്ന ചോദ്യവും ഉയരുന്നു. എന്നാല്‍ പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ കരുത്തരായ സ്ഥാനാര്‍ഥികളെ തന്നെയാണ് നിര്‍ത്തിയതെന്ന് ശോഭാസുരേന്ദ്രന് , കുമ്മനം രാജശേഖരന് , സി.കൃഷ്ണകുമാര്‍ എന്നിവരുടെ സ്ഥാനാര്‍ഥിത്വം ചൂണ്ടിക്കാട്ടി നേതൃത്വം വിശദീകരിക്കുന്നു.