പന്തളം: ഒരു വിധത്തിലുള്ള പദവിയോ അധികാരസ്ഥാനങ്ങളോ ലക്ഷ്യമിട്ടല്ല താന്‍ രാഷ്ട്രീയത്തിലിറങ്ങിയതെന്ന് എന്‍എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. പന്തളം എസ്എന്‍ഡിപി യൂണിയന്റെ ദശവത്സരാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു മുന്നണിയും എസ്എന്‍ഡിപിയെ സഹായിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ എസ്എന്‍ഡിപിയുടെ ശക്തി മുന്നണികള്‍ക്ക് ബോധ്യമായിട്ടുണ്ടെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലൂടെ സംഘടന അധികാരം കൈയാളും. സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ബിഡിജെഎസ് രൂപീകരിച്ചതെന്നും തുഷാര്‍ പറഞ്ഞു.
മാധ്യമങ്ങള്‍ എസ്എന്‍ഡിപി യോഗത്തെ വാര്‍ത്തകളിലൂടെ ആക്ഷേപിക്കുകയാണ്. താന്‍ ഗുജറാത്തില്‍ നിന്ന് എംപിയാകുമെന്നും മറ്റ് ചിലര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്കുമെന്നുമൊക്കെ വാര്‍ത്തകള്‍ പടച്ചു വിടുകയാണ്. മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ടും സമീപനങ്ങള്‍ ഇതുപോലെയായിരുന്നു. ഒരു തരത്തിലുള്ള തട്ടിപ്പിനും സാധ്യതയില്ലാത്ത വിധമാണ് പദ്ധതി ആവിഷ്കരിച്ചിരുന്നത്.
അടൂര്‍ അടക്കം ചില യൂണിയനുകള്‍ പ്രവര്‍ത്തകരെ കബളിപ്പിക്കുകയാണ് ചെയ്തത്. ഇതിന്റെ പേരില്‍ കേസുകളുണ്ട്. സിബിഐ അന്വേഷണം പോലും വരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂണിയന് പ്രസിഡന്റ്് സിനില്‍ മുണ്ടപ്പള്ളി അധ്യക്ഷത വഹിച്ചു.