ചേർത്തല: എൻഡിഎയിൽ ഭിന്നതകളില്ലെന്നു എൻഡിഎ ചെയർമാൻ കുമ്മനം രാജശേഖരൻ. പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്. ചേർത്തലയിൽ നടന്ന എൻഡിഎ സംസ്ഥാന നേതൃയോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഘടകകക്ഷികൾ ഉന്നയിച്ച ചില കാര്യങ്ങൾ നടന്നിട്ടില്ല എന്നതു യാഥാർഥ്യമാണ്.
അതിനു പരിഹാരം കാണാൻ കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തും. ബിഡിജെഎസുമായി തർക്കങ്ങളുണ്ടെന്നതും തെറ്റായ പ്രചാരണമാണ്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉയർത്തുന്ന അഭിപ്രായങ്ങൾ ചർച്ച ചെയ്യേണ്ട വേദിയല്ല എൻഡിഎ യോഗമെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. ചേർത്തലയിൽ നേതൃയോഗം നടന്നത് ബിഡിജെഎസുമായുള്ള തർക്കം പരിഹരിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎ നേതാക്കൾ 15നു മുന്‍പായി ഗവർണറെ സന്ദർശിച്ചു നിവേദനം നല്‍കും. 22നു സെക്രട്ടേറിയറ്റ് പടിക്കൽ എൻഡിഎ നേതാക്കളുടെ സാന്നിധ്യത്തിൽ കൂട്ടധർണ നടത്തും. എൻഡിഎ പ്രവർത്തനം ജില്ലാ തലത്തിലും താഴെ തട്ടിലും വ്യാപിപ്പിക്കുന്നതിനു 14, 15, 16, 18 തീയതികളിൽ ജില്ലാ നേതൃയോഗങ്ങൾ നടത്തും.
ഒക്ടോബർ മൂന്നുമുതൽ 16വരെ നടക്കുന്ന ബിജെപിയുടെ ജനമുന്നേറ്റ ജാഥയിലും ഘടകകക്ഷികൾ പങ്കെടുക്കും. ഇന്ധനവില വർധന രാജ്യത്തിന്റെ വികസനത്തിന്റെ ഭാഗമാണെന്നും ഇതിൽനിന്നുള്ള നികുതി വരുമാനം രാജ്യത്തിന്റെ പുരോഗതിക്കായാണ് വിനിയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടേശൻ ബിഡിജെഎസിന്റെ വക്താവല്ലെന്നും അഭിപ്രായങ്ങൾ ബിഡിജെഎസിന്റേതല്ലെന്നും കണ്‍വീനർ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. നിലവിൽ എൻഡിഎയിൽ ആശയ കുഴപ്പങ്ങളില്ലെന്നും മുന്നണിയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ചേർത്തല ട്രാവൻകൂർ പാലസിൽ നടന്ന നേതൃയോഗത്തിൽ സംസ്ഥാന ചെയർമാൻ കുമ്മനം രാജേശേഖരൻ അധ്യക്ഷനായി. കണ്‍വീനർ തുഷാർ വെള്ളാപ്പള്ളി, ഒ. രാജഗോപാൽ എംഎൽഎ, പി.സി. തോമസ്, സി.കെ. ജാനു, വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, എ.എൻ. രാജൻബാബു, കെ.വി. തിലകൻ തുടങ്ങിയവർ പങ്കെടുത്തു.
അതേസമയം, ബിഡിജെഎസുമായുള്ള പ്രശ്നങ്ങൾ തീർക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിർദേശപ്രകാരമാണ് ബിഡിജെഎസിന്റെ തട്ടകത്തിൽത്തന്നെ യോഗം ചേർന്നതെന്നു സൂചനയുണ്ട്.