നിയാസ് മുസ്തഫ
കോട്ടയം: തുഷാർ വെള്ളാപ്പള്ളിക്കുമേൽ സമ്മർദം ചെലുത്താനുറച്ച് ബിജെപി കേന്ദ്ര നേതൃത്വം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലായെന്ന നിലപാട് എൻഡിഎ കൺവീനർ കൂടിയായ തുഷാർ ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് തുഷാറിനെ എങ്ങനെയും മത്സരിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം സമ്മർദം ചെലുത്താൻ ഒരുങ്ങുന്നത്.
ബിഡിജെഎസിന് അഞ്ചു സീറ്റുകൾ ബിജെപി വിട്ടുകൊടുത്തിട്ടുണ്ട്. തൃശൂരിലോ ആറ്റിങ്ങലിലോ തുഷാർ മത്സരിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരസ്യ നിലപാട് തുഷാറിനെ മാറി ചിന്തിപ്പിച്ചു.എസ്എൻഡിപി ഭാരവാഹികൾ തെരഞ്ഞെടു പ്പിൽ മത്സരിക്കരുതെന്ന് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിരുന്നു.
ഇതോടെയാണ് എൻഡിഎ കൺവീനർ എന്ന നിലയിൽ സംസ്ഥാനമൊട്ടുക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകേണ്ടതുണ്ടെന്നും മത്സരിച്ചാൽ മറ്റു മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ലായെന്നുമുള്ള വാദവുമായി തുഷാർ രംഗത്തുവന്നത്. എന്നാൽ തുഷാർ മാറി നിന്നാൽ ഈഴവ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാൻ കഴിയില്ലായെന്ന് ബിജെപിക്ക് അറിയാം. ഇതോടൊപ്പം ഈഴവ വോട്ടുകൾ ചിതറുകയും ചെയ്യും.
ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ സമരങ്ങളുടെ പശ്ചാത്തലത്തിൽ ഹിന്ദുവോട്ടുകളിൽ വിള്ളലുകൾ ഉണ്ടാവാതിരിക്കാൻ ബിജെപി ജാഗ്രതയിലാണ്. ശബരിമല സമരത്തിന്റെ പശ്ചാത്തലത്തിൽ എൻഎസ്എസുമായി അടുത്ത ബിജെപി നായർ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ്. ഇതോടൊപ്പം ഈഴവ വോട്ടുകൾ കൂടി അനുകൂലമാക്കിയാൽ പല മണ്ഡലങ്ങളിലും ബിജെപിക്ക് മുന്നേറ്റം നടത്താനാവുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ.
തുഷാറിനെ മത്സരിപ്പിക്കാൻ ബിജെപി കേന്ദ്രനേതൃത്വം പ്രത്യേക പാക്കേജിനെക്കുറിച്ച് ആലോ ചിക്കുന്നതായി ബിജെപി വൃത്തങ്ങൾ സൂചന നൽ കുന്നുണ്ട്. മത്സരിച്ച് തോറ്റാൽ രാജ്യസഭാ എംപി സ്ഥാനം നൽകാമെന്നാണ് പ്രധാന വാഗ്ദാനം. നേരത്തേ രാജ്യസഭാ എംപി സ്ഥാനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ബിജെപി അനുകൂലമായി പ്രതികരിക്കുന്നില്ലായെന്നു പറഞ്ഞ് ബിജെപിയും ബിഡിജെഎസും അഭിപ്രായ വ്യത്യാസത്തിലായിരുന്നു.
ഈ സാഹചര്യത്തിലാണ് തുഷാറിന് രാജ്യസഭാ സീറ്റ് നൽകാമെന്ന വാഗ്ദാനം നൽകി തുഷാറിനെ മത്സരിപ്പിക്കാൻ ബിജെപി ആഗ്രഹിക്കുന്നത്. ഇതോടൊപ്പം എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അനുനയിപ്പിക്കാനും ശ്രമം നടത്തും. തുഷാർ മത്സരിക്കാൻ തയാറായാൽ തൃശൂർ മണ്ഡലത്തിൽ മത്സരിക്കാനാണ് കൂടുതൽ സാധ്യത.
തുഷാറെത്തിയാൽ തൃശൂരിൽ ത്രികോണ മത്സരം നടക്കുമെന്ന് ഉറപ്പാണ്. എന്നാൽ തുഷാർ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കു ന്നത് അവരുടെ പാർട്ടിയാണെന്നാണ് പി.എസ് ശ്രീധരൻ പിള്ളയുടെ നിലപാട്. അതേസമയം, സ്ഥാനാർഥിപ്പട്ടികയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന ഘടകത്തിൽ ഉടലെടുത്ത ചേരിപ്പോരിൽ കേന്ദ്രനേതൃത്വം അസ്വസ്ഥരാണ്.
ബിജെപിക്ക് അനുകൂലമായ സാഹചര്യം സംസ്ഥാനത്ത് ഉടലെടുത്തപ്പോൾ ചേരിപ്പോര് ഉണ്ടാവുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലായെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള ദേശീയ നേതൃത്വത്തിന് അയച്ച പ്രാഥമിക സ്ഥാനാർഥിപ്പട്ടികയിൽ വി. മുരളീധരൻ വിഭാഗമാണ് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്.
കാര്യമായ ചർച്ചകളൊന്നും നടത്താതെ പട്ടിക നൽകിയതിൽ പ്രതിഷേധിച്ച് ഇന്നലെ നടന്ന കോർ കമ്മിറ്റി യോഗത്തിൽനിന്ന് മുരളീധരപക്ഷം വിട്ടുനിന്നിരുന്നു. ദേശീയ ജനറൽ സെക്രട്ടറി മുരളീധര റാവുവിന്റെ സാന്നിധ്യത്തിലായിരുന്നു കോർ കമ്മിറ്റി യോഗം ചേർന്നത്. കോർ കമ്മിറ്റിയോഗത്തിൽ നടന്ന കാര്യങ്ങൾ മുരളീധര റാവു ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.