എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയായി താൻ മത്സരിക്കുമെന്ന് തുഷാർ വെളളാപ്പള്ളി രാഷ്ട്രദീപികയോട് പറഞ്ഞു. തുഷാർ തൃശൂരിൽ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും അവിടെ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്ത ഘട്ടത്തിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നത്. ബിഡിജെഎസിന് നൽകിയ സീറ്റാണ് വയനാട്. ഇവിടെ നേരത്തെ സ്ഥാനാർഥിയെ ബിഡിജെഎസ് പ്രഖ്യാപിച്ചിരുന്നു.
നിലവിലെ സ്ഥാനാർഥിയെ മാറ്റിയാണ് തുഷാർ വയനാട്ടിൽ മത്സരിക്കാൻ എത്തുന്നത്. വയനാട്ടിൽ ബിഡിജെഎസ് സ്ഥാനാർഥി താൻ തന്നെയായിരിക്കുമെന്നാണ് തുഷാർ വെള്ളാപ്പള്ളി രാഷ്ട്രദീപികയോട് പറഞ്ഞത്. പ്രചാരണം ഉടൻ ആരംഭിക്കും. തൃശൂർ സീറ്റ് ബിജെപിക്ക് വിട്ടു നൽകുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ചില ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നും തുഷാർ വെളളാപ്പള്ളി പറഞ്ഞു.
രാഹുൽ മത്സരിക്കാൻ എത്തുന്നതോടെ ദേശീയ ശ്രദ്ധയിലേക്ക് മാറിയ വയനാട് മണ്ഡലം ബിജെപിക്ക് തിരിച്ചു നൽകുന്നതിനോട് ബിഡിജെസിന് താത്പര്യമില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് കരുത്തനായ സ്ഥാനാർഥി തന്നെ വേണമെന്ന ബിജെപിയുടെ ആവശ്യം മുൻ നിർത്തിയാണ് ബിഡിജെഎസിന്റെ സംസ്ഥാന അധ്യക്ഷനും എസ്എൻഡിപി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റും എൻഡിഎ കൺവീനറുമായ തുഷാർ വയനാട്ടിലേക്ക് മത്സരിക്കാൻ തീരുമാനിച്ചത്.
ബിഡിജെഎസിന് നൽകിയ സീറ്റായതിനാൽ തിരിച്ചു ചോദിക്കുന്നതിന് ബിജെപിക്ക് പരിമിതിയുണ്ട്. എൻഡിഎ കൺവീനർ കൂടിയായ തുഷാറിനെ പിണക്കി സീറ്റ് ഏറ്റെടുത്താൽ അതു സംസ്ഥാനം മൊത്തത്തിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തൽ ഉള്ളതിനാൽ തുഷാർ തന്നെ വയനാട്ടിൽ എൻഡിഎയുടെ സ്ഥാനാർഥിയാകുമെന്ന് ഉറപ്പാണ്.
സ്ഥാനാർഥി പ്രഖ്യാപനം ഇന്നു തന്നെ ഉണ്ടാകുമെന്നാണ് തുഷാർ രാഷ്ട്രദീപികയോട് പറഞ്ഞത്.